സുരേഷ് ഗോപിയെ നായകനാക്കി അജ്മല്‍ സംവിധാനം ചെയ്യുന്ന ‘റിംഗ് ടോണ്‍’ എന്ന ചിത്രം വിവാദങ്ങളില്‍ മുങ്ങുന്നു. സംവിധായകനായ അജ്മലിനെക്കുറിച്ചു തന്നെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ വേഷം നല്‍കാമെന്ന് അറിയിച്ച് നിരവധി പേരുടെ കയ്യില്‍ നിന്ന് അജ്മല്‍ ലക്ഷങ്ങളും ആയിരങ്ങളും സ്വന്തമാക്കിയെന്നാണ് ആരോപണം.
പ്രമുഖ സവിധായകനായ ഫാസിലിന്റെ അസോസിയേറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കബളിപ്പിക്കലിന് ഇരയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബിനീഷ് പറഞ്ഞു. ചില പ്രാദേശിക ചാനലുകളില്‍ ഒന്നോ രണ്ടോ പ്രോഗ്രാമുകള്‍ ചെയ്ത പരിചയം മാത്രമേ അജ്മലിനുള്ളൂവെന്നാണ് ബിനീഷ് പറയുന്നത്.
ബിനീഷിനെ ചിത്രത്തിന്റെ സഹ സംവിധായകനാക്കാമെന്ന് അജ്മല്‍ വാഗ്ദാനം ചെയ്തിരുന്നുവെത്രെ. സഹ സംവിധായകനാക്കാനായി ഒരു ലക്ഷം രൂപയും അജ്മല്‍ ബിനിഷിന്റെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ലെന്നും അജ്മല്‍ പണം തട്ടുകയായിരുന്നുവെന്നും ബിനീഷ് ആരോപിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളെയും അജ്മല്‍ കബളിപ്പിച്ചുവെന്ന് ആരോപണമുണ്ട്.
ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രഭുകുമാര്‍, സ്വാമിനാഥന്, ശ്രീകുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കാനിരുന്നത്. എന്നാല്‍ ചിത്രത്തിന് മൂന്ന് പ്രൊഡ്യൂസര്മാരുള്ള കാര്യം അജ്മല്‍ ഇവരെ പരസ്പരം അറിയിച്ചിരുന്നില്ല. ഒടുവില്‍ ചിത്രീകരണം ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയതോടെ കാര്യം അന്വേഷിച്ചപ്പോഴാണ് കളികളെല്ലാം പുറത്തായതത്രെ
ചിത്രത്തിന്റെ പൂജ 2008 ജനുവരി 28നായിരുന്നു. ചിത്രത്തിന്റെ പൂജയോടനുബന്ധിച്ച് ഇറക്കിയ ബ്രോഷറില്‍ സമ്പന്നമായ താരനിരയുള്ള കാര്യം സൂചിപ്പിച്ചിരുന്നു. ജഗതി, സിദ്ദിഖ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ എന്നിവരുടെ പേരുകള്‍ ബ്രോഷറില്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ സായ് കുമാര്‍ മത്രമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബ്രോഷര്‍ കാണിച്ചാണ് ഇയാള്‍ പ്രൊഡ്യൂസര്‍മാരെ കുപ്പിയിലാക്കിയതെന്നും ആരോപണമുണ്ട്.
അതു പോലെ നായികയായി ആദ്യം നിശ്ചയിച്ചിരുന്ന ശിവാനി ആദ്യ രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ പ്രതിഫലം നല്‍കാത്തതിന്റെ പേരില്‍ പിണങ്ങിപ്പോയി. അതോടെ നായികയുടെ റോള്‍ സംവിധായകന് അവിടെ വെച്ച് കട്ട് ചെയ്തു. കൊടുങ്ങല്ലൂരിലെ ഒരു ബംഗ്ലാവിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്.
എന്നാല്‍ സാമ്പത്തികം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബംഗ്ലാവ് ഷൂട്ടിംഗിന് വിട്ടുകൊടുക്കാന്‍ ഉടമസ്ഥര്‍ വിസമ്മതിച്ചപ്പോള്‍ ചിത്രീകരണം കൊടുങ്ങല്ലൂരിലെ ബംഗ്ലാവുമായി യാതൊരു സാമ്യവുമില്ലാത്ത ആലപ്പുഴയിലെ ഒരു കെട്ടിടത്തിലേക്ക് മാറ്റി. ഇങ്ങനെ നിരവധി ആരോപണങ്ങളാണ് സംവിധായകനെക്കുറിച്ച് ഉയരുന്നത്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളോട് അജ്മല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.