കസബ് പ്രായപൂര്‍ത്തിയായ വ്യക്തി

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 28 ഏപ്രില്‍ 2009 (15:51 IST)
മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ തീവ്രവാദി അജ്മല്‍ ആമിര്‍ കസബ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. കസബിന്‍റെ ഓസിഫിക്കേഷന്‍, രക്ത പരിശോധനകളില്‍ കസബിന് 20 വയസ്സിനു മേല്‍ പ്രായമുണ്ടെന്ന് വ്യക്തമായതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്ന് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രോസിക്യൂഷന്‍ സാക്ഷികളായ ഡോക്ടര്‍ രാഘവനോടും, ആര്‍തര്‍ റോഡ് ജയിലിലെ ജയിലറായ സ്വാതി സാത്തെയോടും താന്‍ 21 വയസ്സിനു മുകളില്‍ പ്രായമുള്ളയാളാണെന്ന് കസബ് പറഞ്ഞിരുന്നതായി ഇരുവരും ഇന്ന് കോടതിയെ അറിയിച്ചു.

കസബ് പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കസബിന്‍റെ യഥാര്‍ത്ഥ പ്രായത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഖമിനോട് പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹിലിയാനി ഉത്തരവിട്ടത്.

പ്രായം നിര്‍ണയിക്കാനായി ഡോക്ടര്‍മാര്‍, ജയില്‍ അധികൃതര്‍ തുടങ്ങിയവരുടെ സഹായവും പ്രോസിക്യൂട്ടര്‍ക്ക് തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കസബിന്‍റെ എല്ല്, പല്ല് എന്നിവ പരിശോധിച്ച്‌ പ്രായം കണക്കാക്കാന്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദേശിച്ചിരുന്നു.

കസബിന്‍റെ അഭിഭാഷകനായ അബ്ബാസ് കസ്മിയുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. കസബ് പ്രായപൂര്‍ത്തിയാവാത്തയാളാണെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റേണ്ടി വരുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :