26/11: കസബ് കുറ്റസമ്മതം നടത്തി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 20 ജൂലൈ 2009 (16:28 IST)
മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബ് തിങ്കളാഴ്ച പ്രത്യേക കോടതി ജഡ്ജിക്കു മുമ്പാകെ കുറ്റസമ്മതം നടത്തി. കറാച്ചിയില്‍ നിന്ന് യാത്ര തിരിച്ചതു മുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് വരെയുള്ള വിവരങ്ങളാണ് ജസ്റ്റിസ് തഹിലിയാനിക്കു മുന്നില്‍ വിവരിച്ചത്.

അബു ഹംസ, അബു ജിന്‍ഡാല്‍, അബു കഫ, സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി തുടങ്ങിയവരാണ് തങ്ങളെ നിയന്ത്രിച്ചത് എന്നും കറാച്ചിയില്‍ നിന്ന് കപ്പലില്‍ കയറിയപ്പോള്‍ ഇവര്‍ യാത്രയയ്ക്കാന്‍ എത്തിയിരുന്നു എന്നും കറാച്ചിയില്‍ നിന്ന് മുംബൈയില്‍ എത്താന്‍ നാല് ബോട്ടുകള്‍ മാറി ഉപയോഗിച്ചു എന്നും കസബ് വെളിപ്പെടുത്തി.

ഭീകരാക്രമണം നടത്തുന്നതിനെ കുറിച്ച് അബു ഹംസ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസഗാവില്‍ വച്ച് പൊട്ടിയ ബോംബ് എങ്ങനെയാണ് ടാക്സിയില്‍ വച്ചത് എന്നും പത്തംഗ സംഘം എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും കസബ് കുറ്റസമ്മതത്തില്‍ പറഞ്ഞു.

ലഖ്‌വിയാണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കസബ് വെളിപ്പെടുത്തി. താനും കൂട്ടാളി അബു ഇസ്മായിലും സി‌എസ്ടിയിലെ ടോയ്‌ലറ്റില്‍ വച്ച് ടൈമര്‍ ബോംബ് കൂട്ടിയോജിപ്പിച്ചതും സി‌എസ്ടിയിലും കാമ ആശുപത്രിയിലും നടത്തിയ വെടിവയ്പിനെ കുറിച്ചും അവസാനം പൊലീസുമായി നടത്തിയ വെടിവയ്പും കസബ് വിശദീകരിച്ചു.

കസബും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇസ്മയിലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരായ ഹേമന്ത് കര്‍കറെ, അശോക് കാംതെ, വിജയ് സലാസ്കര്‍ എന്നിവരെയും ഇവരാണ് വധിച്ചത്.

മെയ് ആറിന് തനിക്കെതിരെയുള്ള കുറ്റങ്ങള്‍ എല്ലാം നിഷേധിക്കുന്നു എന്ന് കസബ് കോടതിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കസബ് നടത്തിയ കുറ്റസമ്മതം പ്രോസിക്യൂഷന്റെ വിജയമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം അവകാശപ്പെട്ടു. 26/11 ആക്രമണങ്ങളില്‍ കസബിനെതിരെയുള്ള നിരവധികേസുകളില്‍ 150 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 133 പേരെ ഇതുവരെ വിസ്തരിച്ചു.

കസബിനെ കൂടാതെ, ഇമ്രാന്‍ ബാബര്‍, അബ്ദുര്‍ എന്നീ ഭീകരരും പാകിസ്ഥാന്‍ വംശജരാണെന്ന് ഞായറാഴ്ച പാകിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :