നീനു മേരി മാത്യു|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (16:33 IST)
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നാണ് പ്രമാണം. പക്ഷേ, എന്തൊക്കെ പറഞ്ഞാലും കുഞ്ഞ് ഗര്‍ഭത്തില്‍ ഉരുവാകുമ്പോള്‍ തന്നെ ആ കുഞ്ഞിനെക്കുറിച്ച് ഒരു നൂറു സ്വപ്നങ്ങള്‍ കാണാന്‍ അമ്മമാര്‍ തുടങ്ങും. തന്റെ കുഞ്ഞ് മിടുക്കിയായി/ മിടുക്കനായി വളരുന്നത്, പരീക്ഷകളില്‍ റാങ്കുകള്‍ നേടുന്നത്, കലാകാരനാകുന്നത്, കായികതാരമാകുന്നത്... അങ്ങനെ നൂറുകണക്കിന് സ്വപ്നങ്ങള്‍ ആയിരിക്കും ഓരോ അമ്മമാര്‍ക്കും മക്കളെക്കുറിച്ച് ഉണ്ടാകുക. എന്നാല്‍ ഇങ്ങനെ സ്വപ്നം കണ്ടാല്‍ മാത്രം മതിയോ അതിന് അനുയോജ്യമായ സാഹചര്യം കുഞ്ഞിന് ഒരുക്കുകയും വേണം. ആ ഒരുക്കങ്ങള്‍ തുടങ്ങേണ്ടത് ഭക്ഷണത്തില്‍ നിന്നാണ്.
എല്ലാ അമ്മമാരും തങ്ങളുടെ കുഞ്ഞ് ബുദ്ധിമതിയായി/ ബുദ്ധിമാനായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് ഒരു മരുന്നുണ്ട്, അമ്മമാര്‍ക്ക് മാത്രം കുഞ്ഞിന് നല്കാവുന്ന മരുന്ന്. എന്താണെന്നല്ലേ? മുലപ്പാല്‍. കൂടുതല്‍ നാള്‍ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഐ ക്യു ലെവല്‍ കൂടുതലായിരിക്കും എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
തലച്ചോറിന്റെ ഞരമ്പിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ മുലപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ഐക്യുവും കൂടും. അണുബാധയ്ക്ക് എതിരായ ആന്റിബോഡികളും മുലപ്പാലില്‍ ധാരാളമുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക് എതിരെയും മുലപ്പാല്‍ രക്ഷ നല്‍കുന്നു. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളില്‍ എക്‌സിമ, ആസ്‌ത്‌മ, വയറിളക്കം പോലുള്ളവ വരാന്‍ സാധ്യത കുറവാണ്.
ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെലോട്ടസിലെ ശാസ്ത്രജ്ഞര്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 3500ഓളം കുഞ്ഞുങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മുലപ്പാല്‍ മാത്രമല്ല കുഞ്ഞിന്റെ അമ്മയുടെ വിദ്യാഭ്യാസം, കുടുംബ വരുമാനം, പ്രസവ സമയത്ത് കുഞ്ഞിനുണ്ടാകുന്ന ഭാരം തുടങ്ങിയ ഘടകങ്ങളും കുഞ്ഞിന്റെ ബുദ്ധിശക്തിയെ സ്വാധീനിക്കും.
ഒരു മാസം മുലപ്പാല്‍ കുടിച്ച കുഞ്ഞുങ്ങളുടെ ജീവിത രീതിയും ഐക്യു ലെവലും, ഒരു വയസ്സിനു മുകളില്‍ മുലപ്പാല്‍ കുടിച്ച കുഞ്ഞുങ്ങളുടെ ഐക്യു ലെവലും തമ്മില്‍ വലിയ അന്തരമുണ്ട്. കൂടുതല്‍ മുലപ്പാല്‍ കുടിക്കുന്നവര്‍ക്ക് പരമാവധി മുപ്പതു വയസുവരെ ബുദ്ധിവികാസം ഉണ്ടാകുമത്രേ.