തകരയും ഇതാ ഇവിടെ വരെയുമല്ല, വരുന്നത് ചട്ടക്കാരി!

WEBDUNIA|
PRO
കെ പി എ സി ലളിതയും രാധാലക്ഷ്മി പത്മരാജനും യാതൊരു സംശയവുമില്ലാതെ പറഞ്ഞു - തകര, ഇതാ ഇവിടെ വരെ തുടങ്ങിയ സിനിമകള്‍ റീമേക്കിനായി നല്‍കില്ല. അതൊക്കെ വളരെ ഭംഗിയായി ചിത്രീകരിക്കപ്പെട്ട് പ്രേക്ഷകര്‍ അംഗീകരിച്ച സിനിമകളാണ്. ‘ഒഴിവുകാലം’ എന്നൊരു സിനിമയുണ്ട് ഭരതന്‍ - പത്മരാജന്‍ കൂട്ടുകെട്ടില്‍. അക്കാലത്ത് വേണ്ടത്ര വിജയമായില്ല. ആര്‍ക്കെങ്കിലും വേണമെങ്കില്‍ അത് റീമേക്ക് ചെയ്യട്ടെ...

പക്ഷേ, ‘ഒഴിവുകാലം’ റീമേക്ക് ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഭരതന്‍ - പത്മരാജന്‍ ചിത്രങ്ങള്‍ കിട്ടില്ലെന്നറിഞ്ഞതോടെ നിര്‍മ്മാതാക്കള്‍ റീമേക്കിനായി മറ്റ് വഴി തേടി. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ്കുമാര്‍ ഇനി റീമേക്ക് ചെയ്യുന്നത് ‘ചട്ടക്കാരി’. 1974ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് തരംഗം സൃഷ്ടിച്ച ചട്ടക്കാരി റീമേക്ക് ചെയ്യുമ്പോള്‍ സംവിധായകന്‍റെ സ്ഥാനത്ത് സേതുമാധവന്‍റെ മകന്‍ സോനു കുമാര്‍.

ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയുടെ എടുത്തുചാട്ടങ്ങളുടെ കഥയായിരുന്നു ചട്ടക്കാരി. ലക്ഷ്മിയാണ് ആ കഥാപാത്രമായി തകര്‍ത്തഭിനയിച്ചത്. ചട്ടക്കാരിയിലൂടെ ലക്ഷ്മി ഒരു തലമുറയുടെ ആവേശമായി. ചട്ടക്കാരി മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും ജൂലിയായി സംവിധായകര്‍ ആദ്യം തേടിയത് ലക്ഷ്മിയെയായിരുന്നു.

പമ്മന്‍റെ ചട്ടക്കാരി എന്ന കൃതിയെ അടിസ്ഥാനമാക്കി മഞ്ഞിലാസ് ഒരുക്കിയ ഈ സിനിമയിഒല്‍ സോമന്‍, അടൂര്‍ ഭാസി, സുകുമാരി, മോഹന്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍. ലക്ഷ്മി അനശ്വരമാക്കിയ ജൂലിയെ പുനരവതരിപ്പിക്കാന്‍ ഒരു നടിയെ കണ്ടെത്തുക എന്നതായിരിക്കും സുരേഷ്കുമാറിന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :