ഒന്നും രണ്ടുമല്ല, 49 കോടി രൂപ! ആര്‍ക്കും വേണ്ടാതെ ആദായനികുതി ഓഫീസിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലുമായി കിടക്കുന്നു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി റെയ്ഡ് നടത്തി പിടിച്ചെടുത്തതാണ് ഈ പണം. പക്ഷേ ഇതുവരെയും ആരും അവകാശികളായി എത്തിയിട്ടില്ല.
ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത 54 കോടി രൂപയാണ് തമിഴ്നാട്ടില്‍ പിടിച്ചെടുത്തത്. ഇതില്‍ അഞ്ചുകോടി രൂപയുടെ കണക്കുകളുമായി അവകാശികളെത്തി. ബാക്കി 49 കോടി രൂപയ്ക്ക് അവകാശവാദമുന്നയിച്ച് ആരും വന്നിട്ടില്ല.
ഡി എം കെ, എ ഐ എ ഡി എം കെ മുന്നണികള്‍ തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം നടക്കുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകള്‍ ഇരുമുന്നണികളും മുന്നോട്ടുവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പരസ്യമായി പണമൊഴുകുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നിലപാടെടുത്തിട്ടും കോടികളാണ് പല മണ്ഡലങ്ങളിലും പറന്നുകളിച്ചത്.
വോട്ട് പണം കൊടുത്ത് വാങ്ങുന്നത് തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതുമയൊന്നുമല്ല. സംസ്ഥാന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നരേഷ് ഗുപ്ത പറയുന്നതനുസരിച്ചാണെങ്കില്‍ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും പോണ്ടിച്ചേരിയിലെയും ഒരു പ്രധാന പ്രശ്നം തന്നെ ഇത്തരം പണമൊഴുക്കാണ്. എന്നാല്‍ എല്ലാ മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഈ ആരോപണത്തെ ഒരുപോലെ എതിര്‍ക്കുന്നു. ഇന്ത്യയില്‍ ഇത് ആദ്യസംഭവമൊന്നും അല്ലെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ മുമ്പും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അവര്‍ ന്യായീകരിക്കുന്നത്.