എഐഎഡിഎംകെ അധ്യക്ഷ ജയലളിത മത്സരിക്കുന്ന തമിഴ്നാട്ടിലെ ശ്രീരംഗം നിയമസഭാ മണ്ഡലത്തില്‍ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തമിഴ് കോമഡി താരം വടിവേലുവിന് ചെരുപ്പേറ്! കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തിരുവാണൈകോവിലില് നടന്ന പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് താരത്തിന് നേര്‍ക്ക് രണ്ട് തവണ ചെരുപ്പേറ് നടന്നത്.
എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് സഖ്യത്തിലുള്ള ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ വടിവേലു അശ്ലീല പദപ്രയോഗം നടത്തിയതാണ് ചെരുപ്പേറിന് കാരണമായത്. താരത്തിന്റെ പുറത്താണ് ഏറ് കൊണ്ടതെന്ന് പൊലീസ് അറിയിച്ചു.
ചെരുപ്പെറിഞ്ഞതെന്ന് കരുതുന്ന രണ്ട് ഡിഎംഡികെ പ്രവര്‍ത്തകരെ ഡിഎംകെക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരെ ഡിഎംകെ പ്രവര്‍ത്തകര്‍ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിനു കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് പ്രദേശമാകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ വിജയകാന്ത് ഫാന്‍സ് അസോസിയേഷന് മന്ദിരം തല്ലിത്തകര്‍ത്ത് തീയിട്ടു. പൊലീസ് പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്.