തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തമിഴ്നാട്ടിലെ പ്രമുഖ നേതാക്കളെല്ലാം വ്യക്തിഹത്യ പ്രധാന ആയുധമാക്കി മാറ്റുകയാണ്. എഐഎഡിഎംകെ അധ്യക്ഷ ജയലളിതയ്ക്ക് എതിരെ വിവാദമായ പരാമര്‍ശം നടത്തിയതിന് ഡിഎംകെ നേതാവ് ദയാനിധി മാരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ സാന്നിധ്യത്തിലായിരുന്നു മാരന്‍ വാക്കുകള്‍ കൊണ്ട് കടന്നുകയറ്റം നടത്തിയത്. 2004 - ല്‍ സുനാമി ഉണ്ടായപ്പോള്‍ ജയലളിത സുനാമിബാധിതരെ സഹായിക്കാന്‍ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞ മാരന്‍ അവര്‍ ആസമയത്ത് തോഴി ശശികലയ്ക്ക് ഒപ്പം ഉറങ്ങുകയായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തതാണ് വിവാദമായത്.
ജനക്കൂട്ടം മാരന്റെ വാക്കുകള്‍ക്ക് ഒപ്പം ആര്‍പ്പ് വിളിച്ചപ്പോള്‍ വ്യക്തിഹത്യയുടെ മൂര്‍ച്ച കൂടുകയായിരുന്നു. ജയലളിത നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ മുപ്പത്തിയഞ്ചു വയസ്സുള്ള മകനെ ദത്തെടുത്തതിനെയും മാരന്‍ വിമര്‍ശന വിധേയമാക്കി.
അപകീര്‍ത്തികരമായ രീതിയില്‍ പ്രസ്താവനകള്‍ നടത്തി വോട്ട് പിടിക്കാനുള്ള ശ്രമം എഐഎഡിഎംകെയും ആവുന്ന രീതിയില്‍ നടത്തുന്നുണ്ട്, കരുണാനിധിയുടെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജയലളിത ഗിന്നസ് ബുക്കില്‍ ഇടം നേടാനുതകുന്ന അഴിമതി നടത്തിയ കരുണാനിധിയുടെ കുടുംബത്തെ ഏത് കോടതി വെറുതെ വിട്ടാലും ജനങ്ങളുടെ കോടതി ശിക്ഷിക്കുമെന്നും പറഞ്ഞു.
കരുണാനിധിക്ക് സ്വന്തം കുടുംബകാര്യമാണ് വലുത് എന്നും മറ്റുള്ളവര്‍ നന്നാവുന്നത് ഇഷ്ടമല്ല എന്നും ജയലളിത കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു.