സെല്ലു‌ലോയ്‌ഡില്‍ ഛായാഗ്രഹകന്റെ വ്യാകരണം

വി ഹരികൃഷ്ണന്‍

PRO
PRO
അന്നും ഇന്നും ജീവിതത്തില്‍ എനിക്ക് ഒരു ഹീറോയുണ്ട്, എന്‍റെ പിതാവ് സൈനുദ്ദീന്‍. 60ലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത സൈനുദ്ദീന്‍ മുണ്ടക്കയം എന്ന എന്‍റെ പിതാവിന് എന്നും മനസില്‍ ഒരു നായകപരിവേഷം തന്നെയുണ്ട്. ഏതൊരു മകനെയും പോലെ ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന റോള്‍ മോഡല്‍. ഞാന്‍ ജനിച്ചു വളര്‍ന്ന പാലക്കാട് കേന്ദ്രീകരിച്ച് പാലക്കാട് തൃപ്തി ആര്‍ട്സ് പാലക്കാട് (ടാപ്പ്’) എന്ന പേരിലുള്ള കലാസംഘടനയുടെ ലേബലിലായിരുന്നു അച്ഛനടക്കമുള്ള ഒരുകൂട്ടം കലാകാരന്മാര്‍ നാടകം കളിച്ചിരുന്നത്. അച്ഛനും അമ്മയും ഒരുമിച്ച് നാടകത്തില്‍ വേഷമിടുമായിരുന്നു. കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവരായിരുന്നില്ല അവര്‍. പകരം ജീവിതത്തില്‍ കലയെ ഗൗരവമായി കാണുകയും ചിന്തിക്കുകയും ചെയ്യുന്ന രണ്ടുപേര്‍.

അതേസമയം അധ്യാപകവൃത്തിയെ പ്രൊഫഷനായി കാണുകയും കുട്ടികളെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യുന്ന മാര്‍ഗദീപങ്ങള്‍. സ്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന ഇരുവര്‍ക്കും സ്വന്തം മകനെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാവുക സാധാരണം. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു എന്‍റെ വളര്‍ച്ച.

കലാപരമായ കഴിവുകളും ചിന്തകളും പകര്‍ന്നുനല്‍കിയത് അവരുടെ ജെനറ്റിക് കോഡാണെങ്കിലും പഠനപരമായി നോക്കിയാല്‍ ഏറെ പിന്നാക്കമായിരുന്നു ഞാന്‍. നീ പഠിക്കാതെ നടന്നാല്‍ എന്തു ചെയ്യുമെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍, ഇതെല്ലാം ഞാന്‍ എന്തിന് പഠിക്കണമെന്നായിരുന്നു എന്റെ മനസില്‍. ഇതിനെല്ലാം ഇടയില്‍ കലയോട് ഒരു തരം അഭിനിവേശം മനസില്‍ വളര്‍ന്നിരുന്നു. അച്ഛന്‍ നാടകങ്ങള്‍ എഴുതുന്നു, റിഹേഴ്സല്‍ ക്യാമ്പ് വീട്ടില്‍ നടക്കുന്നു, അഭിനയിക്കുന്നു. ഇതെല്ലാം മനസില്‍ കയറിക്കൂടിയിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ നാടകത്തിലും മോണോ ആക്ടിലും മത്സരിച്ചതും ജില്ലാതലത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനത്തെത്തിയതും ബെസ്റ്റ് ആക്ടറായതുമെല്ലാം ഈ ഊര്‍ജത്തില്‍ നിന്നായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ആരായിത്തീരണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

പഠനത്തില്‍ ഉഴപ്പിയതോടെ വീട്ടുകാരുടെ സമ്മര്‍ദ്ദമേറി. ഒരു നിര്‍ണായക ഘട്ടത്തില്‍ ഞാനൊരു തീരുമാനമെടുത്തു. നാടു വിടുക! (തുടരും...)

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :