ഞങ്ങള്‍ക്കവന്‍ അത്ഭുതബാലന്‍,മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവന്‍, മകന്റെ ജനനത്തെക്കുറിച്ച് കനിഹ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 മെയ് 2021 (11:12 IST)

സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ ചിത്രീകരണ തിരക്കിലായിരുന്നു കനിഹ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് നടി എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയതും.ഹൃദയതകരാറോടുകൂടി ജനിച്ച തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുഭവം പങ്കുവെക്കുകയാണ് കനിഹ.

ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഹൃദയതകരാറോടുകൂടിയാണ് മകന്‍ ജനിച്ചതെന്ന് പറയുന്നു.ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് എന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞുവെന്ന കാര്യവും നടി ഇപ്പോഴും ഓര്‍ക്കുന്നു.

പ്രസവം കഴിഞ്ഞ അര മണിക്കൂര്‍ പോലും തികയാത്ത കുഞ്ഞിനെ കാണുവാനായി കനിഹയുടെ അമ്മമനസ്സ് തുടിച്ചു. അപ്പോഴേക്കും വിദഗ്ദ ചികിത്സക്കായി മകനെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി എന്നാണ് കനിഹ പറയുന്നത്.

തന്റെ ശരീരം തുന്നിക്കെട്ടിയ വേദനയെല്ലാം കനിഹയിലെ അമ്മ അപ്പോഴേക്കും മറന്ന്, മകനെ പോയി കണ്ടു. അവന്റെ ശരീരം നിറയെ കേബിളുകള്‍ ആയിരുന്നു.ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു.മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണെന്നും കനിഹ പറഞ്ഞു. അവന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഓപ്പറേഷന്‍ കഴിഞ്ഞിതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ മനസ്സ് തുറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :