വിശ്വരൂപം 2 എന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരാണ്. അതില്‍ മലയാളി സാന്നിധ്യമായി ക്യാമറ ചലിപ്പിക്കാന്‍ ഷാംദത്തും. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാല്‍ ഉലകനായകന് വേണ്ടി. ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റിന്റെ ഷൂട്ടിംഗിനുശേഷമാണ് കമല്ഹാസന് സിനിമയുടെ അണിയറയിലേക്ക് എത്തുന്നത്. ആര്‍ട്ടിസ്റ്റില്‍ ആസ്വാദകനെ ജീവിതം അനുഭവിപ്പിക്കുന്ന ‘അദൃശ്യ’സാന്നിധ്യമായിരുന്നു ഷാമിന്റെ ക്യാമറയെങ്കില്‍ കമല്‍ പടത്തില്‍ പ്രത്യക്ഷ സാന്നിധ്യമാണ്. കാരണം രണ്ടുതരം കഥനരീതി ആവശ്യപ്പെടുന്നു ഈ സിനിമകള്‍. സ്വാഭാവികമായും ചോദ്യങ്ങളിലേക്ക് കടക്കുമ്പോള്‍ കമല്ഹാസന് സിനിമയില്‍ നിന്നു തന്നെയായിരുന്നു തുടക്കം. ഷാമിന്റെ വാക്കുകളിലേക്ക്...
“ഒറ്റവാക്കില്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് കമല്ഹാസന്. സിനിമ മാത്രമല്ല ലോകത്തിന്റെ ഏതു കോണിലെ എന്തു കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവാണ്. കഥയും കവിതയും അഭിനയവും പാട്ടും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങും. തന്റെ സിനിമ എങ്ങനെ വെള്ളിത്തിരയില്‍ കാണണമെന്ന് വ്യക്തമായ ബോധമുള്ള സംവിധായകന്. ഛായാഗ്രഹണത്തെ എഡിറ്റിംഗുമായി സംയോജിപ്പിക്കുമ്പോള്‍ എന്തെല്ലാം ഉള്‍ക്കൊള്ളണമെന്ന തിരിച്ചറിവ്. അച്ചടക്കമുള്ള നിര്‍മാതാവ്, അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്. തികഞ്ഞ ഹോംവര്ക്കോടുകൂടിയാണ് സിനിമയുടെ ഓരോ ഘട്ടവും കടന്നുപോകുന്നത്. ഒരേ സമയം വര്‍ക്ഹോളിക്കും ഫ്രണ്ട്ലിയുമാണ്. ഒരാളെയും ടെന്‍ഷന്‍ അടിപ്പിക്കില്ല.
ഒഴിവുസമയങ്ങളില്‍ എല്ലാവരുടെയും ചങ്ങാതിയാണ്. കൂടെയുള്ളവര്‍ക്ക് തന്റെ അനുഭവജ്ഞാനം പകര്‍ന്നു നല്‍കും. കൂടുതല്‍ സംസാരവും സിനിമയെക്കുറിച്ച് തന്നെ. ചിലപ്പോള്‍ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍ ഈണത്തില്‍ ചൊല്ലും. അര്‍ത്ഥം പറയും. ഇതെല്ലാം കേട്ടിരിക്കുമ്പോള്‍ ഞാനോര്‍ക്കും, ചുവരുകളില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ ഒട്ടിച്ചുനടന്നിരുന്ന കുട്ടിക്കാലത്ത് കടുത്ത ആരാധനയാണ് കമല്‍ഹാസനോട്. പക്ഷേ, കാലം എനിയ്ക്കായി കരുതിവെച്ചത് സിനിമയായിരുന്നുവെന്ന് അന്ന് എനിക്കറിയില്ലായിരുന്നു”.