ഞാന്‍ വിളിച്ചാല്‍ മമ്മുക്ക വരും: സുവീരന്‍

സനു കെ എസ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മുപ്പതോളം വര്‍ഷം നാടകവേദികളുടെ പിന്നാമ്പുറങ്ങളില്‍, അന്താരാഷ്ട്ര തലത്തില്‍ തന്നെ പേരുകേട്ട നിരവധി നാടകങ്ങള്‍, മമ്മൂട്ടിയെപ്പോലൊരു മഹാനടന്‍ സ്ക്രിപ്റ്റ് എഴുതാന്‍ നിര്‍ബന്ധിക്കുക, എന്നിട്ടും സുവീരന് സംവിധായകന്‍ എന്ന നിലയില്‍ തുടക്കമിടാന്‍ കഴിഞ്ഞത് ഒരു അന്യഭാഷാചിത്രത്തിലൂടെയാണ്. അതും ലിപിയില്ലാത്ത മൊഴിമാത്രമുള്ള ബ്യാരി എന്ന ഭാഷയില്‍.

മംഗലാപുരത്തിന് സമീപത്തുള്ള സൂറത്ത് കലിലെ മുസ്‌ലിം സമുദായക്കാരുടെ ഭാഷയാണ് ബ്യാരി. മലയാളവും കന്നഡയും ചേര്‍ന്ന ആ ഭാഷയ്ക്ക് വാമൊഴി രൂപം മാത്രമാണുള്ളത്. ഒട്ടേറെ അനാചാരങ്ങളിലൂടെ ജിവിതം തള്ളിനീക്കുന്ന ജനസമൂഹം. ആ ജനസമൂഹത്തെപ്പറ്റി നിര്‍മ്മിച്ച ചിത്രം, അമ്പത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തന്നെ തേടി ഇങ്ങോട്ടു വന്ന ചിത്രം. ഇതാണ് ആ ചിത്രത്തെക്കുറിച്ച് സുവീരന് പറയാനുള്ളത്.

ബ്യാരിക്കു ശേഷം എവിടെയെന്ന് ചോദിക്കുന്നവരോട് സുവീരന് ഒന്നേ പറയാനുള്ളൂ. വലിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് താന്‍. മലയാളത്തിന്റെ ബഡ്ജറ്റില്‍ ഒതുങ്ങില്ലാത്ത ആ ചിത്രം തമിഴിലായിരിക്കും നിര്‍മ്മിക്കുക. ധനുഷ് ആയിരിക്കും നായകന്‍. മലയാളം ഈ പ്രതിഭയെ തിരിച്ചറിയാതെ പോയതിന്റെയും മമ്മൂട്ടിയുടെ സിനിമ വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചതിന്റെയും കാരണങ്ങളും സിനിമയില്‍ നിന്ന് പഠിച്ച ചില പാഠങ്ങളെയും പറ്റി സുവീരന്‍ മനസുതുറക്കുന്നു:

ബ്യാരി ഒരു അനുഭവമായിരുന്നു. ബ്യാരിക്കാരോടിണങ്ങി ഒരു സിനിമയാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് പോലും തോന്നാതെ എടുത്ത ഒരു സിനിമ. വളരെ രസകരമായതും വളരെ വിഷമകരവുമായ അനുഭവങ്ങള്‍ ആ സിനിമയില്‍ നിന്നും എനിക്കുണ്ടായി.

ചെറുതാണെങ്കിലും എനിക്കു മറക്കാനാവാത്ത ഒരു സംഭവമുണ്ട്. നായകനായ ഒരു മുട്ടനാടിനെ അറുക്കാന്‍ കൊണ്ട് പോകുമ്പോള്‍ അത് വഴിയരികില്‍ കാണുന്ന പെണ്ണാടിന്റെ അടുത്ത് സ്നേഹം പ്രകടിപ്പിക്കുന്ന ഒരു രംഗമുണ്ട്. മേക്കപ്പൊക്കെ ഇട്ട് കഥാപാത്രങ്ങള്‍ റെഡിയായി. തലേ ദിവസം തന്നെ മുട്ടനാടിനെയും പെണ്ണാടിനെയും സമീപത്തെ വീടുകളില്‍ നിന്നും റെഡിയാക്കി നിര്‍ത്തിയിരുന്നു. ആടിനെക്കൊണ്ടു വരാന്‍ ഏറ്റിരുന്ന ആള്‍ ഒരു കറുകറുത്ത മുട്ടനാടുമായെത്തി.

ക്യാമറ റോളിംഗായി. മുട്ടനാടുമായി മാമുക്കോയ നടന്നു. പെണ്ണാടിന്റെ അടുക്കലെത്തി മുട്ടനാടിന് ഒരനക്കവുമില്ല. പെണ്ണാടവിടെ നില്‍ക്കുന്നുണ്ടോയെന്ന് പോലും അവന്‍ ഗൌനിക്കുന്നില്ല. എല്ലാവരും അമ്പരന്നു. പെട്ടെന്ന് നിര്‍വികാരനായ സന്യാസിയായത് പോലെ. മുട്ടനെ ഒന്നുണര്‍ത്താന്‍ ഒരോരുത്തരും ഓരോ പൊടിക്കൈകള്‍ പരീക്ഷിക്കാന്‍ തുടങ്ങി.

ഒന്നും ഏറ്റില്ല. പ്രൊഡക്ഷന്‍ ബോയ്സ് വിഷണ്ണരായി എന്റെ നേരെ നോക്കി. എന്താ കാര്യമെന്നറിയണമല്ലോ. ആടിന്റെ ഉടമസ്ഥനെ വിളിച്ചു വരുത്തി. അയാള്‍ പറഞ്ഞ മറുപടിയില്‍ നിരാശയും ദേഷ്യവും മറന്ന് എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ആ മുട്ടനാടിന് ഒരു കുഴപ്പവുമില്ല. പക്ഷേ, ഒരു ബൈക്ക് ഒന്നു മുട്ടി. അതോടെ അവന്റെ കഴിവ് നഷ്ടപ്പെട്ടോന്നൊരു സംശയം. അതില്‍ പിന്നെ അവന്‍ പെണ്ണാടിന്റെ അടുത്ത് പോകാറില്ല,

അയാളെ കുറ്റം പറയാന്‍ പറ്റില്ല. അയാളോട് ഒരു മുട്ടനാടിനെ വേണമെന്നല്ലേ പറഞ്ഞുള്ളൂ. ആവശ്യം എന്താണെന്ന് പറഞ്ഞിരുന്നില്ലല്ലോ. അതോടെ ഞാന്‍ മനസിലാക്കി ചെറിയ കഥാപാത്രമായാലും അത് ചെയ്യാന്‍ കഴിവുള്ളവരെ മാത്രമേ കാസ്റ്റ് ചെയ്യാവൂ.

എന്തായിരുന്നു മമ്മൂട്ടിച്ചിത്രത്തില്‍ നിന്നും പിന്‍‌മാറാന്‍ കാരണം?

എന്റെ കയ്യില്‍ നിരവധി സബ്ജക്ടുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരെണ്ണം മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടു. നീ തന്നെ സ്ക്രിപ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ നിര്‍മാതാവും മറ്റും പിന്‍‌മാറിയതും മറ്റു പല കാരണങ്ങളാലും അത് മുടങ്ങിപ്പോയി. പക്ഷേ ഇപ്പോഴും ഞാന്‍ വിളിച്ചാല്‍ മമ്മൂക്ക എന്റെ പടത്തില്‍ അഭിനയിക്കുമെന്നെനിക്കുറപ്പാണ്.

ലിപിയില്ലാത്ത ഭാഷയില്‍ ഷൂട്ട് ചെയ്യുകയെന്നത് ബുദ്ധിമുട്ടായിരുന്നില്ലേ?

ചലച്ചിത്രാവിഷ്കരണത്തിന് ഭാഷ പ്രശ്നമല്ലെന്നതാണ് എന്റെ കാഴ്ചപ്പാട്. പിന്നെ ബ്യാരി ഭാഷയില്‍ ഗഹനമായ അറിവുള്ളവര്‍ സഹായിക്കാനുണ്ടായിരുന്നു. ഒരു വര്‍ഷത്തെ ഹോംവര്‍ക്കിനു ശേഷമാണ് ഞങ്ങള്‍ 'ബ്യാരി' ഒരുക്കിയത്. മലയാളത്തില്‍ ഞാന്‍ സ്‌ക്രിപ്റ്റ് ഒരുക്കി പിന്നീട് ബ്യാരി ഭാഷാപണ്ഡിതരെക്കൊണ്ട് മാറ്റി എഴുതിച്ചാണ് തിരക്കഥ ഒരുക്കിയത്.

(ചിത്രത്തിന് കടപ്പാട് - സുവീരന്‍റെ ഫേസ്ബുക്ക് അക്കൌണ്ട്)

അടുത്ത പേജില്‍ - മാമുക്കോയയും മല്ലികയും എങ്ങനെ ബ്യാരിക്കാരായി?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :