ജീവന്‍ ജെയിംസ്|
Last Modified വെള്ളി, 31 ജനുവരി 2020 (20:24 IST)
ക്യാന്‍സര്‍ എന്ന വാക്കിനോടുപോലും ഭയമുണ്ട് പലര്‍ക്കും. സ്വന്തം ശരീരത്തെ അത് ബാധിക്കുമോയെന്ന പേടി. അതുകൊണ്ടുതന്നെ ആ വാക്കില്‍ നിന്നും അകന്നുസഞ്ചരിക്കാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ ക്യാന്‍സറിനെ തന്‍റേടത്തോടെ നേരിടുകയാണ് ആ രോഗത്തെ കീഴ്പ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ വഴിയെന്നാണ് വിദഗ്‌ധര്‍ ഉപദേശിക്കുന്നത്.
ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എത്രയും നേരത്തേ കണ്ടെത്തിയാല്‍ അതിനെ പ്രതിരോധിക്കാനുള്ള സകല സാധ്യതകളും തുറന്നുകിട്ടുന്നു. ശരീരം തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങും. അത് തിരിച്ചറിയാന്‍ കഴിയണം. ആ രീതിയില്‍ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കാനായാല്‍ ക്യാന്‍സര്‍ പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയുമെന്ന് ഡോക്‍ടര്‍മാര്‍ പറയുന്നു.
കൃത്യമായ ഒരു ലക്ഷണത്തോടെ അര്‍ബുദത്തെ നിര്‍വചിക്കുക പ്രയാസമാണ്. പല ടൈപ്പ് ക്യാന്‍സറുകള്‍ക്കും പല രീതിയിലുള്ള ലക്ഷണങ്ങളായിരിക്കും. എങ്കിലും ശരീരത്തിലുണ്ടാകുന്ന മുഴകള്‍, ത്വക്കിന്‍റെ നിറംമാറ്റം, ശ്വാസം മുട്ടല്‍, ചുമ, നിരന്തരമായ പനി, ശരീരഭാരത്തില്‍ അസാധാരണമായ കുറവ് തുടങ്ങിയവയൊക്കെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. എന്നാല്‍ ഇതൊക്കെയുണ്ടെങ്കില്‍ ക്യാന്‍സറാണോ എന്ന് ഭയന്ന് ജീവിക്കുകയല്ല ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് വിദഗ്‌ധപരിശോധന നടത്തി രോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം.
രോഗം ഉണ്ടെന്ന് കണ്ടെത്തിയാല്‍ എത്രയും വേഗം ഏറ്റവും നല്ല ചികിത്സ ആരംഭിക്കണം. ഒരു മികച്ച ഡോക്‍ടറെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുവരാം. ചിലര്‍ ചില നാടന്‍ ചികിത്സാരീതികള്‍ ഉപദേശിച്ചേക്കാം. എന്നാല്‍ അവയ്‌ക്കൊന്നും ചെവികൊടുക്കാതെ ഏറ്റവും മികച്ച ഡോക്‍ടറുടെ അടുക്കല്‍ തന്നെ ചികിത്സയ്ക്കായി എത്തുക എന്നതാണ് ചെയ്യേണ്ടത്.