WEBDUNIA|
Last Modified വെള്ളി, 3 ജൂലൈ 2009 (17:00 IST)
മമതാബാനര്‍ജി പ്രഖ്യാപിച്ചതു പോലെ തന്നെ 2009-‘10 ബജറ്റിന് ജനകീയത അവകാശപ്പെടാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും പ്രയോജനപ്രദമായ ബജറ്റ് എന്ന മമതയുടെ അവകാശ വാദം ഈ ബജറ്റില്‍ ഏറെക്കുറെ പാലിക്കപ്പെട്ടിരിക്കുന്നു. ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കേരളത്തിന് ഈ ബജറ്റില്‍ ഏറെ നേട്ടങ്ങളും ഉണ്ട്.
വെറുതെ “ലാലു മാജിക്” ആവര്‍ത്തിച്ച് കൈയ്യടി നേടുകയല്ല ലക്ഷ്യം എന്ന് മമതയുടെ ബജറ്റ് വെളിപ്പെടുത്തുന്നു. റയില്‍വെയ്ക്ക് ജനകീയ മുഖം നല്‍കുമെന്ന് പറഞ്ഞ മമത ധനലാഭം മാത്രമാണോ റയില്‍വെയുടെ ഉദ്ദേശം എന്ന് പുന:പരിശോധിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
കാത്തു കാത്ത് കേരളത്തിന് ലഭിച്ചത്
പാലക്കാട്ടെ കോച്ച് ഫാക്ടറിയെ കുറിച്ച് ബജറ്റില്‍ പ്രഖ്യാപനമൊന്നുമുണ്ടാവാത്തത് വിമര്‍ശകരെ ചൊടിപ്പിച്ചേക്കാം. എങ്കിലും കേരളത്തിന് എട്ട് പുതിയ ട്രെയിനുകളും രണ്ട് പുതിയ പാതകളും നിര്‍ദ്ദേശിച്ചത്രയും അനുകൂല ബജറ്റ് നേരത്തെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
എറണാകുളം - ഡല്‍ഹി ഡ്യുറന്റ് എക്സ്പ്രസ് എന്നപേരില്‍ പുതുതായി തുടങ്ങുന്ന നോണ്‍ സ്റ്റോപ് എക്സ്പ്രസ് പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന 12 അതിവേഗ ട്രെയിനുകളില്‍ ഒന്നാണ്. എറണാകുളം - ഗോവ പുതിയ ട്രെയിന്‍, മംഗലാപുരം - തിരുവനന്തപുരം പുതിയ ട്രെയിന്‍, ബാംഗ്ലൂര്‍ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്, ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചര്‍, ബിലാസ്പുര്‍ - തിരുവനന്തപുരം - തിരുനെല്‍വേലി എക്സ്പ്രസ്, ഹാപ്പ - തിരുവനന്തപുരം - തിരുനെല്‍വേലി എക്സ്പ്രസ് എന്നിവയാണ് കേരളത്തിനുള്ള മറ്റ് പുതിയ ട്രെയിനുകള്‍. ബജറ്റില്‍ മൊത്തം 57 പുതിയ ട്രെയിനുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്
എരുമേലി-പുനലൂര്‍-തിരുവനന്തപുരം പാതയ്ക്കും എറണാകുളം-മധുര പാതയ്ക്കും ഈ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇതെല്ലാം കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അനുകൂലം തന്നെയാണ്. തിരുവനന്തപുരം, എറണാകുളം റയില്‍വെ സ്റ്റേഷനുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്കിയതും അര്‍ഹമായ പരിഗണ തന്നെ.