സാമ്പത്തികമാന്ദ്യം നയന്‍‌സിന് വിഷയമല്ല

കാണി

PROPRO
ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ചത് ലോകത്തെ വിനോദമേഖലയെയാണ്. പണം വാരിക്കോരി ചെലവഴിക്കുന്ന ഹോളിവുഡ് സിനിമകള്‍ക്കു പോലും ചെലവുചുരുക്കല്‍ നയം സ്വീകരിക്കേണ്ടി വന്നു. ഹോളിവുഡിലെ വമ്പന്‍ കമ്പനികള്‍ വന്‍ മുതല്‍ മുടക്കുള്ള സിനിമകള്‍ ഒഴിവാക്കി ചെറിയ ബജറ്റ് ത്രില്ലറുകള്‍ക്ക് പ്രാധാന്യം നല്‍‌കിത്തുടങ്ങി.

ഇന്ത്യയിലും സാമ്പത്തികമാന്ദ്യം സിനിമാമേഖലയെ പ്രതികൂലമായി ബാധിച്ചു. ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായ ദശാവതാരത്തിന് ശേഷം തന്‍റെ അടുത്ത വന്‍ ബജറ്റ് ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടാന്‍ സാക്ഷാല്‍ കമലഹാസന്‍ വിഷമിക്കുന്നു. ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ തന്‍റെ സ്വപ്നസംരംഭമായ യന്തിരനില്‍ പോലും ചെലവു ചുരുക്കല്‍ പരീക്ഷിച്ചു. വന്‍ പ്രതിഫലം വാങ്ങുന്ന നായകന്‍‌മാരും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി. എന്നാല്‍ തെന്നിന്ത്യയിലെ ഹോട്ട് നായിക നയന്‍‌താരയെ മാത്രം ഈ സാമ്പത്തിക പ്രതിസന്ധിയൊന്നും ബാധിച്ച മട്ടില്ല.

ഏത് പ്രതിസന്ധിയുണ്ടായാലും തന്‍റെ പ്രതിഫലത്തില്‍ കുറവു വരുത്താന്‍ തയ്യാറാവില്ലെന്ന നിലപാടിലാണ് നയന്‍‌സ്. പുതിയ തെലുങ്ക് ചിത്രമായ ‘ആഞ്ജനേയലു’വില്‍ അഭിനയിക്കാന്‍ 65 ലക്ഷമാണ് നയന്‍‌താര വാങ്ങിയത്. വെറും 35 ദിവസം കൊണ്ടു തീരുന്ന ഷെഡ്യൂളിനാണ് നയന്‍‌സ് ഈ പ്രതിഫലം കൈപ്പറ്റിയതെന്ന് ഓര്‍ക്കണം. സാധാരണ തെലുങ്ക് ചിത്രങ്ങള്‍ ആറുമാസവും ഒരു വര്‍ഷവും നീളുന്ന മാരത്തോണ്‍ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്യുന്നത്. അത്തരം ചിത്രങ്ങള്‍ക്ക് നയന്‍‌താര ഒരു കോടിയാണ് പ്രതിഫലം പറ്റുന്നത്. ചെലവ് ചുരുക്കാന്‍ വേണ്ടിയാണ് നിര്‍മ്മാതാവ് 35 ദിവസം കൊണ്ടു തീരുന്ന ഷെഡ്യൂള്‍ നിശ്ചയിച്ചത്.

രവി തേജയാണ് ആഞ്ജനേയലുവിലെ നായകന്‍. ഇതൊരു കോമഡിച്ചിത്രമാണ്. എന്തായാലും പ്രതിഫലത്തില്‍ കുറവു വരുത്താത്ത നയന്‍‌സിന്‍റെ നടപടി ടോളിവുഡില്‍ വന്‍ വാര്‍ത്തയായിട്ടുണ്ട്. മറ്റ് നായികമാരും നയന്‍സിന്‍റെ പാത പിന്തുടരുമോയെന്നാണ് നിര്‍മ്മാതാക്കളുടെ പേടി.

WEBDUNIA| Last Modified വ്യാഴം, 2 ഏപ്രില്‍ 2009 (11:36 IST)
വാല്‍‌ക്കഷണം: ‘പയ്യാ’ എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലത്തര്‍ക്കത്തില്‍ നയന്‍സിനെ വിലക്കാന്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയും പിന്നീട് ആ തീരുമാനം പിന്‍‌വലിക്കുകയും ചെയ്തു. താരങ്ങള്‍ക്ക് ക്ഷേത്രം പണിയുന്നവര്‍ക്ക് താരദൈവങ്ങളെ പിണക്കാനാകുമോ? ശാപം കിട്ടിയേക്കാമെന്ന് കാണി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :