‘മറ്റൊന്നുമല്ല, മറ്റൊന്നുമല്ല; നിന്നെയെനിക്കിഷ്ടമാണ്’

ഹണി ആര്‍ കെ

WEBDUNIA|
PRO
PRO
ഒരു കുട്ടിയുടെ സ്വയം പറച്ചിലുകളുടെ ചാരുതയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളില്‍ പലപ്പോഴും നിറയുന്നത്. പറയാന്‍ തോന്നുന്നത് അങ്ങനങ്ങ് പറയും. അതില്‍ കുട്ടിത്തമുണ്ടാകും. ഗ്രാമീണതയുണ്ടാകും. ഇവയുടെയൊക്കെ നിഷ്കളങ്കത കവിതയില്‍ കവിഞ്ഞുമറിയും. ആഘോഷമായി കൌമാര പ്രണയങ്ങളുടെ തീക്ഷ്ണതയുണ്ടാകും. നില്‍പ്പുതറ മറക്കാത്ത പ്രണയങ്ങളായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ വായനക്കാര്‍ ഇഷ്ടപ്പെടുന്നതും ഇതൊക്കെ കൊണ്ടുതന്നെ. കൃതൃമത്ത്വത്തിന്റെയോ പാണ്ഡിത്വത്തിന്റെയോ യാതൊരു ഭാരവുമില്ലാതെ റെയിന്‍ ‌കോട്ട് എന്ന കവിതാസമാഹാരത്തിലെ പ്രണയ കവിതകളും വായനക്കാരോട് കൂട്ടുകൂടുന്നു; ഒരു വിതയില്‍ പറയുന്നതുപോലെ- ‘മറ്റൊന്നുമല്ല, മറ്റൊന്നുമല്ല; നിന്നെയെനിക്കിഷ്ടമാണ്’.

ഒരു കാറ്റായ്, മറ്റൊന്നുമല്ല, മണ്ണാങ്കട്ടയും കരിയിലയും, ഫെയ്സ് ബുക്ക്, ചങ്ങല, കലക്കം, സൌന്ദര്യലഹരി, കുട തുടങ്ങിയ ശ്രദ്ധേയ കവിതകളാണ് റെയിന്‍‌കോട്ടില്‍ സമാഹാരിച്ചിരിക്കുന്നത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരോട് ഇഷ്ടം കൂടിയവയാണ് റെയിന്‍‌ കോട്ടിലെ ഭൂരിഭാഗം കവിതകളും.

ആഖ്യാനത്തിന്റെ കൌശലതയില്‍ വായനക്കാരനെ വലയ്ക്കാതെ, താളത്തോടെ കാര്യം പറയുന്ന കവിതകളാണ് ഇവ. മലയാളി പ്രണയം നിറയുന്ന കവിതകളാണ് ഓരോന്നും. പുതുകാലത്തിന്റെ കെട്ടുകാഴ്ചകളില്‍ മുങ്ങിച്ചാകാന്‍ തയ്യാറാകാത്ത പ്രണയങ്ങളെ കുറിച്ചാണ് കവി പാടുന്നത്. ഒരു കാറ്റായ് എന്ന കവിതയിലെ വരികള്‍-

''ഞാനൊരു കാറ്റായിരുന്നെങ്കില്‍
നീയൊരു കാറ്റായിരുന്നെങ്കില്‍
നമുക്കാക്കാറ്റിന്‍െറ
വിയര്‍പ്പൊപ്പാമായിരുന്നു.

കവി ഇഷ്ടം പറയുന്നതും ഇതേ ലാഘവത്വത്തോടെയാണ്. അതേസമയം തികഞ്ഞ ഇഴയടുപ്പത്തോടെയും നേര്‍ത്ത മൊഴികളിലൂടെയും പറയേണ്ട കാര്യത്തിന്റെ ഗൌരവവും തീവ്രതയും ഒട്ടും ചോര്‍ന്നുപോകാതെയും. മറ്റൊന്നിമില്ല എന്ന കവിതയില്‍ കവി ഹൃദയരഹസ്യം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്-

''ഞാനൊരു കാര്യം പറയുമിപ്പോള്‍
വേറെയാരുമറിയരുത്
കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കരുത്
ഓര്‍ത്തോര്‍ത്തു പിന്നെച്ചിരിക്കരുത്
.....................
...........................
...................
മറ്റൊന്നുമല്ല, മറ്റൊന്നുമല്ല
നിന്നെയെനിക്കിഷ്ടമാണ്.

വര്‍ത്തമാനക്കാഴ്ചകളെ മറവിയിലാക്കി ഭൂതകാലക്കുളിരില്‍ കൂടണയാണ് വെമ്പുന്ന കവിമനസ്സും ചില കവിതകളില്‍ തെളിയുന്നു. ഒരു കവിതയ്ക്ക് മലര്‍വാകച്ചോട്ടില്‍ എന്ന പേരിട്ടതുകൊണ്ടുതന്നെ ഇക്കാര്യം മനസ്സിലാകും. ''മറക്കുവാനാമോ മലര്‍വാകച്ചോട്ടില്‍ വെറുതെയന്ന് നാമണഞ്ഞൊരാദിനം’’- എന്നാണ് കവി ചോദിക്കുന്നത്.

യാന്ത്രികതയുടെ സുരക്ഷയിലെ അയുക്തികതയെ ചോദ്യം ചെയ്യുന്ന കവിതയാണ് പാസ്‌വേഡ്. മരണം രേഖപ്പെടുത്തി സൂക്ഷിച്ച ലോക്കറിന് പോലും അവളുടെ പേരുകൊണ്ടാണ് സുരക്ഷ തീര്‍ത്തിരിക്കുന്നത്. സെല്‍‌ഫോണിനും ഓര്‍മ്മകള്‍ക്കും എല്ലാത്തിനും അവളുടെ പേരുതന്നെ സൂത്രവാക്യം. എന്നാല്‍ ഇനിയെങ്കിലും നിന്‍െറ കള്ളപ്പേരല്ലാത്തൊരുപേര് ചൊല്ലിത്തന്നുകൂടെ? എന്ന് ചൊല്ലി അവസാനിക്കുമ്പോള്‍ അയുക്തികത ചോദ്യം ചെയ്യപ്പെടുന്നു.

ബാല്യകൌമാര ഓര്‍മ്മകളെ കൈപിടിച്ചു നടക്കുമ്പോഴായാലും നവയാന്ത്രികതയുടെ കേവലക്കാഴ്ചകളെ കാണുമ്പോഴായാലും മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍ ‘വലിയ വായില്‍ വര്‍ത്തമാനം പറയുന്നില്ല. ഇക്കാര്യം ആവര്‍ത്തിച്ചു ഉറപ്പുവരുത്തുന്നു റെയിന്‍‌കോട്ടിലെ ഓരോ കവിതയും.

റെയിന്‍ കോട്ട്
മോഹനകൃഷ്ണന്‍ കാലടി
ഡി സി ബുക്സ്
വില: 45 രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :