പ്രഭാഷണകലയെ പ്രണയിച്ച എഴുത്തുകാരനായിരുന്നു ഡോ സുകുമാര്‍ അഴീക്കോട്. ശബ്ദം കൊണ്ടും ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ടും ചിന്തകളും ആശയങ്ങളും സദസ്സിലേക്ക് പ്രക്ഷേപണം ചെയ്യുന്ന മഹാമാന്ത്രികനായിരുന്നു സുകുമാര്‍ അഴീക്കോട്. മലയാളികള്‍ക്ക് വിശേഷണങ്ങള്‍ വേണ്ടാത്ത പേരാണ് സുകുമാര്‍ അഴീക്കോട് എന്നതാണ് വാസ്തവം.
ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു തുടങ്ങിയ സാഹിത്യകൃതികളിലൂടെ വിമര്‍ശനപ്രതിഭ വെളിപ്പെടുത്തിയ അഴീക്കോട് ഗ്രന്ഥകാരന്‍ എന്ന നിലയില്‍ ഏറ്റവും ഔന്നിത്യത്തിലേക്ക് ഉയരുന്നത് തത്ത്വമസി എന്ന കൃതിയിലൂടെയാണ്. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 12 ഓളം ബഹുമതികള്‍ നേടി. സുകുമാര്‍ അഴീക്കോടില്‍ സര്‍ഗ്ഗാത്മകതയുടെ കൂട്ടായ്മകള്‍ സമ്മേളിച്ചെങ്കിലും അദ്ദേഹം വര്‍ത്തമാനത്തില്‍ ഏറ്റവും സമാകാലീനനാകുന്നത് പ്രഭാഷണത്തിലൂടെയാണ്.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അഴീക്കോട് തന്റെ ചിന്തകളെ വാക്കുകളിലൂടെ പുസ്തകത്താളില്‍ പകര്‍ത്തുന്നതിനേക്കാള്‍ മലയാളിക്കിഷ്ടം ആശയങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദമാന്ത്രികതയാല്‍ കേള്‍വിയിലേക്കും ഹൃദയത്തിലേയ്ക്കും പകരുന്നതായിരുന്നു. പ്രഭാഷണകലയുടെ സര്‍വകലാശാലയായിരുന്നു ഡോ സുകുമാര്‍ അഴീക്കോട് എന്നതുതന്നെ ഇതിന് കാരണം. വിമര്‍ശിക്കുമ്പോള്‍ അഴീക്കോടിന്റെ വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും. സാഹ്യത്യപ്രഭാഷണമാകുമ്പോള്‍ അഴീക്കോടിന്റെ വാക്കുകള്‍ കഥയായും കവിതയായും സദസ്സിന് ആസ്വാദനത്തിന്റെ അനുഭൂതികള്‍ പകരും. ഗാന്ധിജിയുടെ നൂറ്റിയിരുപത്തിയഞ്ചാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണവും എക്കാലത്തേയും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളായാണ് വിലയിരുത്തപ്പെട്ടത്.
ഒരു മേളപ്പെരുക്കം പോലെയായിരുന്നു അഴീക്കോടിന്റെ പ്രഭാഷണം. അഴീക്കോടിന്റെ വാക്കുകളുടെ മാസ്മരികതയില്‍ കേരളത്തിന്റെ ഓരോ ഗ്രാമവും നഗരവും വിസ്മയിച്ചു നിന്നു. അഴീക്കോടിന്റെ ശബ്ദത്തിലൂടെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന വാക്കുകള്‍ മലയാളികളില്‍ അറിവായി നിറയുകയായിരുന്നു.