കേരളത്തിലെ പ്രമുഖരായ പ്രസംഗകരുടെ നര്‍മ്മം നിറഞ്ഞ പ്രസംഗാനുഭവങ്ങളും എല്ലാം വൃത്തിയായി കോര്‍ത്തിണക്കിയ പ്രസംഗകല വായിക്കുമ്പോള്‍ ഏതൊരു ആള്‍ക്കും, ശ്രമിച്ചാല്‍ തനിക്കും പ്രസംഗം വഴങ്ങും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ഈ പുസ്തകത്തിനാവും എന്നത് ഒരു നേട്ടമാണ്
സ്വയം ആനന്ദിക്കാനല്ല മറിച്ച് സദസ്സിനെ ആനന്ദിപ്പിക്കാനാണ് താന്‍ പ്രസംഗിക്കുന്നതെന്ന മനോഭാവമായിരിക്കണം പ്രസംഗകന്‍റേത്. കൈയിലുള്ള സാഹിത്യ വാക്കുകളുടെ കലവറ നിരത്തി സ്വയം ‘സബാഷ്’ എന്നു പറയേണ്ട ഗതികേട് പ്രസംഗകനുണ്ടാവരുത് എന്നര്‍ത്ഥം. സദസ്സിനു രസിക്കുന്ന, ദഹിക്കുന്ന ഒപ്പം അവര്‍ക്ക് ഉപയോഗ്രപ്രദമായ രീതിയിലുള്ള പ്രസംഗമായിരിക്കണം നടത്തേണ്ടത്.
കുറേ തമാശകള്‍ മാത്രം പൊട്ടിച്ച് കൈയടി നേടിയതു കൊണ്ട് നല്ല ഒരു പ്രസംഗകനാവാന്‍ കഴിയില്ല. കേള്‍വിക്കാരില്‍ നന്‍മയുടെ അംശം കൈമാറാന്‍ കഴിയുന്നതാവണം പ്രസംഗം. പ്രസംഗത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ ലേഖകന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നതിനാല്‍ വായനക്കാരന് അക്കാര്യങ്ങള്‍ പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ കഴിയും.
പ്രസംഗകലയുടെ ഓരോരോ വശങ്ങളെ കുറിച്ചു പറയുമ്പോഴും ചെറിയ അനുഭവ കഥകളും ഒപ്പം ചേര്‍ത്തിരിക്കുന്നത് വായന രസകരമാക്കുന്നു. വളരെ ചുരുങ്ങിയ താളുകളില്‍ പ്രസംഗം എന്ന കലയുടെ എല്ലാ വശങ്ങളും പരാമര്‍ശിച്ച ‘പ്രസംഗകല’ പ്രസംഗകരാവാന്‍ കൊതിക്കുന്നവര്‍ക്കും ഒപ്പം പ്രസംഗകര്‍ക്കും ഒരു പോലെ വഴികാട്ടിയാവും.
കോഴിക്കൊട്ടെ മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 40 രൂപയാണ് വില ജോര്‍ജ്ജ് പുളിക്കല്‍ മനോരമ വിഷനിലാണ് പ്രവര്‍ത്തിക്കുന്നത്.