ദര്‍ശനങ്ങള്‍ വെളിച്ചമേകുമ്പോള്‍...

WDFILE
ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും സ്‌നേഹിച്ച് മുന്നേറുന്നവര്‍ക്ക് മരണത്തെ ഭയമുണ്ടാകില്ല’, ആനിയസ് നിന്‍

യോസയും മാര്‍ക്വേസും വായനക്കാരന്‍റെ തലയ്‌ക്കുള്ളിലേയ്‌ക്ക് ചിന്തയാകുന്ന കുന്തമെടുത്ത് ആഞ്ഞു തറയ്‌ക്കാറാണ് പതിവ്. അതേസമയം പൌലോ കൊയ്‌ലോ ഇതില്‍ നിന്ന് വ്യത്യസ്തന്‍. അദ്ദേഹത്തിന്‍റെ മുഖത്തെ പ്രസന്നത കൃതികളിലും ദര്‍ശിക്കാം

ആല്‍‌കമിസ്റ്റ്, സഹീര്‍ എന്നിവയെല്ലാം നെറ്റിയില്‍ തണുത്ത വെള്ളം കൊണ്ട് തടവുന്ന പ്രതീതി നല്‍കുന്നു. കൊയ്‌ലോയുടെ ദര്‍ശനങ്ങള്‍ അടങ്ങിയ പുസ്തകമാണ് ‘വെളിച്ചത്തിന്‍റെ പോരാളികള്‍‘. ഡി.സി. ബുക്‍സിനു വേണ്ടി ഫിലിപ്പ് എം പ്രസാദാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഈ പുസ്തകം വായന കഴിഞ്ഞാല്‍ ഒരു കാര്യം നമ്മള്‍ക്ക് അനുഭവപ്പെടും. ഭഗവത് ഗീതയുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്ന്. കുരുക്ഷേത്ര ഭൂമിയില്‍ പാര്‍ത്ഥന്‍റെ ശക്തി ക്ഷയിക്കുന്നു. എന്നാല്‍, ഭഗവാന്‍ തന്‍റെ ഉപദേശങ്ങളിലൂടെ അര്‍ജ്ജുനന് ക്ഷാത്ര വീര്യം വീണ്ടും പകര്‍ന്നു നല്‍കുന്നു.

സത്യത്തില്‍ കുരുക്ഷേത്രം ജീവിതമാണ്. അര്‍ജ്ജുനന്‍ നമ്മള്‍ ഓരോരുത്തരും. അര്‍ജ്ജുനന് സംഭവിച്ച ശക്തിക്ഷയം ഒരിക്കലെങ്കിലും ബാധിക്കാത്തവര്‍ ചുരുക്കമായിരിക്കും. ജീവിതമാകുന്ന യുദ്ധക്കളത്തില്‍ നമ്മള്‍ക്ക് സംഭവിക്കുന്ന ശക്തി ചോര്‍ച്ചയെക്കുറിച്ചാണ് കൊയ്‌ലോ ഈ കൃതിയിലൂടെ വിവരിക്കുന്നത്.

ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി. പ്രതിസന്ധികളില്‍ കാലിടറാതെ മുന്നേറുവാനുള്ള അമൃത വാക്യങ്ങള്‍ കൊയ്‌ലോ വായനക്കാരന് പകര്‍ന്നു നല്‍കുന്നു. തോല്‍‌വികളും അബദ്ധങ്ങളും ജീവിതത്തില്‍ പതിവാണ്. എന്നാല്‍, ഒരു പോരാളി കാലിടറാതെ മുന്നോട്ടു പോയേ പറ്റൂ.

അവന്‍ തന്നെ വിശ്വസിക്കണം. സ്‌നേഹിക്കണം . ജീവിതത്തിന്‍റെ നീഗൂഡമായ സത്യം കണ്ടെത്തണമെങ്കില്‍ ക്ഷമയോടെ ആസൂത്രണം ചെയ്യണം. അവന്‍റെ ചിന്തകള്‍ക്ക് അതിര്‍ത്തിയില്ല. ലോകം മുഴുവന്‍ എതിര്‍ത്താലും അവന്‍ മുന്നേറിയേ തീരൂ.

വെളിച്ചത്തിന്‍റെ പോരാളിയെ സംബന്ധിച്ച് ആരും പൂര്‍ണ്ണമായും നല്ലവരും ചീത്തയും അല്ല. പരാജയങ്ങളെ അവന്‍ ചിതയിലിട്ട് ദഹിപ്പിക്കുന്നു. അവ പിന്നീട് ഓര്‍മ്മയിലേയ്‌ക്ക് കടന്നു വരുന്നത് അവന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്‍ വാള്‍ പുറത്ത് എടുക്കുന്നുള്ളൂ. അല്ലാത്തപ്പോള്‍ അത് ഉറയില്‍ തന്നെ.

WEBDUNIA|
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കേണ്ട മഹത്തരമായ ഈ കൃതി അനുപമായ ജീവിത ദര്‍ശനത്തിന്‍റെ സുഗന്ധം പരത്തുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :