""ദൈവം എന്നത് എനിക്കൊരു ആശയക്കുഴപ്പമാണ്. ഈ ലോകത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അങ്ങനെ മനസിലാകാതെ കിടക്കുന്ന നിരവധി കാര്യങ്ങളുടെ കൂട്ടത്തില്‍ ദൈവത്തെയും വിട്ടേക്കുക. അതേസമയം, ദൈവം ഇല്ല എന്നും പറയണ്ട. കാരണം, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍ വെറുതെ വടി കൊടുത്ത് അടി വാങ്ങേണ്ട''.
മയ്യഴിപ്പുഴയില്‍ ആത്മാക്കളുടെ വെള്ളിയാങ്കല്ല് സൃഷ്ടിച്ച മുകുന്ദന്‍റെ കൃതികള്‍ യുവത്വത്തിന്‍റെ ലഹരിയായി മാറിയ ഒരു കാലമുണ്ടായിരുന്നു. ഹരിദ്വാറിലെ കല്‍പ്പടവുകളില്‍ ഭംഗിന്‍റെ ഉന്മാദത്തില്‍ നടക്കുന്ന കഥാപാത്രത്തിനൊപ്പം വായനക്കാരനും സഞ്ചരിക്കുന്ന അവസ്ഥ. വായനക്കാരനെ "നെഗറ്റീവ്' ആയി സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ നിന്ന് മുകുന്ദന്‍ മോചിതനാവാത്തത് ആ എഴുത്തുകാരനെ വായനക്കാരന്‍ വിശ്വസിക്കുന്നു എന്നതിന് തെളിവാണ്. യഥാര്‍ത്ഥ കഥാകാരനെ വായനക്കാരന്‍ കണ്ണുമടച്ച് വിശ്വസിക്കും.
മുകുന്ദന്‍ എന്ന എഴുത്തുകാരനെപ്പോലെ മുകുന്ദന്‍ എന്ന മനുഷ്യനും, അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാണ്. മൂടിവയ്ക്കലിന്‍റെ കാപട്യം മുകുന്ദനില്ല. ഈ ലോകം അതിലൊരു മുകുന്ദന്‍ എന്ന കൃതി വായിച്ചു പോകുമ്പോള്‍, കാപട്യമില്ലാത്ത ഒരു മനുഷ്യനെ അടുത്തറിയുന്നതിന്‍റെ സുഖം അനുഭവപ്പെടുന്നു. ഏതൊരു സാഹിത്യ വിഭാഗത്തെയുംപോലെ അംഗീകരിക്കപ്പെടേണ്ടതാണ് ഈ സംഭാഷണങ്ങളും എന്നതിന് സംശയമില്ല.
കറന്‍റ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്‍റെ വിതരണം കോസ്മോ ബുക്സാണ്. വില അമ്പത് രൂപ.