അവള്‍ പാര്‍ക്കുന്ന വീടുകള്‍

WEBDUNIA|
തമിഴ് കവിതയില്‍ മലയാളിയുടെ ജനിതകപരമായ ചില സാംസ്കാരിക അടയാളങ്ങളുണ്ട്. ഒരു വേര് ജലത്തിലേക്ക് ഇറങ്ങിപ്പോകും പോലെ എളുപ്പത്തില്‍ നമുക്കത് വായിച്ചെടുക്കാം.

സമീര എന്ന തമിഴ്/മലയാള എഴുത്തുകാരി തമിഴ് പെണ്‍ കവിതകള്‍ മലയാളത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഔവ്വയാറിന്‍റെയും ആണ്ടാളിന്‍റെയും പാരമ്പര്യത്തിലെ പുതുശബ്ദങ്ങള്‍ പെണ്‍ കവിതയിലെ കുതിപ്പ് കാണിക്കുന്നു.

നിന്‍റെ ശാന്തത/ഞാന്‍ തുറന്നു നോക്കാത്ത/പുസ്തകം പോലെ (ഉദയം പടിഞ്ഞാറില്‍ സമീര). എന്തിനാണ് സമീര കിഴക്കിനെ തിരിച്ചിട്ടിരിക്കുന്നത്?

"ഇന്നത്തെ സ്ത്രീയുടെ മുന്നില്‍ നിലനില്‍പ്പിന്‍റെ ആശങ്കകള്‍ വലിയ ചോദ്യങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. പുറം കാഴ്ചകളിലേക്ക് മനസ്സു കൊണ്ടെങ്കിലും വ്യാപരിക്കാന്‍ സ്ത്രീ നിര്‍ബന്ധിതയായിരിക്കുന്നു' എന്ന് പുസ്തകത്തിന്‍റെ സത്യവാങ്മൂലത്തില്‍ സമീരയ്ക്ക് ഉത്തരവുമുണ്ട്.

ഒരു "എങ്കിലും' അതില്‍ ഒളിച്ചിരുപ്പുണ്ട്. ആ എങ്കിലുമാണ് നമ്മെ ചലിപ്പിക്കുന്ന പെണ്‍ നാവ്.

വരൂ കുറെക്കാലം/കടല്‍ത്തിരത്തോ/പുല്‍വെളിയിലോ ഇരുന്ന്/സമസ്തവും പറയാം/ചുംബിക്കാം/ചുംബനങ്ങളത്രേ /ജീവന്‍റെ അടയാളങ്ങള്‍ - കുട്ടിരേവതി അടയാളങ്ങളില്‍ പറയുമ്പോള്‍ ജിവിക്കാനുള്ള പ്രേരണയാണ് നാവ്.

എന്‍റെ കണ്ണുകളിന്‍ തീക്ഷ്ണത/നിന്‍റെ ഭോഗാവയവത്തെ തളര്‍ത്തുന്നുവെന്ന് കൊടുങ്കാറ്റിന്‍റെ ലക്ഷണത്തില്‍ സുകൃതറാണി. "കരച്ചില്‍, ജല്‍പനം, വിമ്മിട്ടം, കോപം, വിതുമ്പല്‍, വേദന, മരണം, ചതി, പ്രണായം, കാമം എന്നിങ്ങനെ മാറിവരുന്ന ശരീരത്തിന്‍റെ രൂപങ്ങള്‍ക്ക് പെണ്‍ഭാഷകളുണ്ടാകുന്നു.

പുരുഷന്‍റെ അധികാര രൂപത്തിനുള്ള ക്രിയകളുടെ ശരിയായ ബദല്‍. പുരുഷനെ നോക്കിക്കാണുകയും, തന്‍റെ രൂപത്തില്‍ നിര്‍ണ്ണയിക്കുകയും, ശരീരത്തെ മുറിച്ചുകടക്കുകയും, ശരീരത്തെ പ്രകൃതിയില്‍ ജ്വലിപ്പിക്കുകയും (മുലകള്‍ - കുട്ടിരേവതി) ചെയ്യുകയാണിവിടെ.

മുലകള്‍ ചതുപ്പു നിലക്കുമിളകള്‍/മെല്ലെ അവ മൊട്ടിട്ടു/പൂക്കുന്നത്/അതിശയിച്ചു/കാത്തു ഞാന്‍. വാക്കുകൊണ്ട് പ്രതിരോധം തീര്‍ക്കുകയും വാക്കിന്‍റെ ജീവനെ /ഉടലിനെ ഒഴുക്കി വിടുകയുമാണ്. ആളുകളുടെ വളര്‍ച്ചയില്‍(?) മുലകള്‍ വളരാതിരിക്കുമ്പോള്‍ അമ്മയ്ക്കു പോലും പരിണാമം വരുന്ന കലത്താണ് നാം.

വലിച്ചണച്ച് /ഉമ്മ വയ്ക്കാനായുമ്പോള്‍/എന്‍റെ മാറിട സ്പര്‍ശത്താല്‍/അവന്‍ നാണിച്ചു മാറുന്നു/അതുചോരപാലാക്കി/ അവന്‍റെ വിശ്പ്പുമാറ്റിയത് മറന്നു - ഞാനില്ലാത്ത അവന്‍റെ ലോകത്തില്‍ സല്‍മ.

ലോകത്ത് പെണ്ണൊരു യന്ത്രമല്ലാതായി തീരുമ്പോഴാണ് വാക്കിന്‍റെ ഇത്തരം ക്രിയകള്‍ കൊണ്ട് പുരുഷനെ ഉടയ്ക്കുന്നത്.

പെണ്ണ്/ഗൃഹം/കസേര/മേശ/ചുവര്‍ /ഘടികാരം/കലണ്ടര്‍ ഇവയോടൊപ്പം ഒരു യന്ത്രമെന്ന് സുഗന്ധി സുബ്രഹ്മണ്യം പറയുന്നത് അതുകൊണ്ടാണ്.

ഇതിലെ അടയാളങ്ങള്‍ പെണ്‍സാന്നിധ്യത്തിന്‍റെ ഏറ്റവും ഉന്നതമായ മാതൃകകളാണെന്ന് വിചാരിക്കുന്നില്ല. സമീരയും സല്‍മയും കുട്ടിരേവതിയും മാലതിയും സുകൃതറാണിയും കനിമൊഴിയും കവിതയുടെ വഴി തെരഞ്ഞെടുത്തിരിക്കുന്നത് പുരുഷന്‍റെ വാക്കിന് പകരം ശബ്ദം നല്‍കാനാണ്. ആ ശബ്ദം ഒരു നിശ്ശബ്ദതയാകാം. നിശ്ശബ്ദതയാല്‍ തലതിരിഞ്ഞ ഒരു ലോകവും - പെണ്‍പാളത്തില്‍ ഒരു പൊട്ടിത്തെറി.

മാതൃഭൂമി ബുക്സാണ് സമീര മൊഴിമാറ്റിയ തമിഴക പെണ്‍കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :