മഞ്ഞ കണ്ണടയിലൂടെ മമ്മൂട്ടി

54 പേജില്‍ മമ്മൂട്ടിയുടെ ജീവിത ദര്‍ശനം

WDFILE

മമ്മൂട്ടി. നിങ്ങള്‍ക്ക് അദ്ദേഹത്തില്‍ വാചാലത ദര്‍ശിക്കുവാന്‍ കഴിയുകയില്ല. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം;മന:സാക്ഷിയെ ഒരുപാട് ഭയപ്പെടുന്ന ഒരു പച്ച മനുഷ്യനാണ് അദ്ദേഹമെന്ന്.

54 പേജ് മാത്രമുള്ള അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ എഡിറ്റിങ്ങ് ഭംഗിയും തുറന്നു പറച്ചിലുകളും നമ്മളെ ഈ പുസ്തകത്തെ ഒരു പാട് പ്രണയിപ്പിക്കും. മഞ്ഞക്കണ്ണടയിലൂടെ അദ്ദേഹം തന്നിലേക്കും ചുറ്റുപാടേക്കും നോക്കുന്നു. ആ കാഴ്‌ചകള്‍ വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

ദുര്‍മേദസ് ഒട്ടും ഇല്ലാതെ വൃത്തിയായി അദ്ദേഹം കാര്യങ്ങള്‍ പറയുന്നു. കാഴ്‌ച ഒന്നില്‍ മമ്മൂട്ടി ആനന്ദം, ദൈവ വിശ്വാസം എന്നിവയെക്കുറിച്ച് തുറന്നു പറയുന്നു. ഈ ആറു പേജില്‍ അദ്ദേഹം പ്രകടിപ്പിച്ച ദാര്‍ശനിക പക്വത മഹത്തരം എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും.

‘അഭിനയം എനിക്ക് ആനന്ദമല്ല.മൈഥുനമാണ്’,ആദ്യ അദ്ധ്യായത്തില്‍ മമ്മൂട്ടി പറയുന്നു. വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവരോട് അവരുടെ വിജയത്തെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയും;ഞങ്ങള്‍ ഞങ്ങളുടെ ജോലിയെ ആസ്വദിക്കുന്നു.

പൊന്തന്‍‌മാടയുടെ ഷൂട്ടിംഗ് വേളയില്‍ നിരവധി സമയം മമ്മൂട്ടിയെ കവുങ്ങിന്‍റെ മേല്‍ ഇരുത്തിയ കാര്യം സംവിധായകനായ ടി‌വി ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി തന്‍റെ കഥാപാത്രത്തെ മെച്ചപ്പെടുത്തുന്നതിനായി ഏതറ്റം വരെ പോകുവാനും തയ്യാറാണ്.

അദ്ദേഹം അഭിനയം ആസ്വദിച്ചുക്കൊണ്ട് ചെയ്യുന്നതാണ് മലയാള സിനിമ ഇപ്പോള്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന സുകൃതങ്ങളില്‍ ഒന്ന്. കമ്പോളത്തിനു വേണ്ടി പലപ്പോഴും ഈ പ്രതിഭയ്‌ക്ക് പലപ്പോഴും മോശം വേഷങ്ങള്‍ കെട്ടേണ്ടി വന്നിട്ടുണ്ട്. അതേസമയം അഭിനയത്തിന്‍റെ ക്ലാസിക് പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ അദ്ദേഹം തകര്‍ത്താടിയുമുണ്ട്.

സ്വന്തം സ്വകാര്യതകളിലേക്ക് കൈകടത്തലുകള്‍ ആഗ്രഹിക്കാത്ത മമ്മൂട്ടിയ്‌ക്ക് വ്യക്തമായ രാഷ്‌ട്രീയ നിലപാടുണ്ട്. തനിക്ക് നിരവധി തലമുറകളെ വ്യക്തമായി സ്വാധീനിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഒന്നു കൊണ്ടു മാത്രമാണ് മദ്യത്തിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന, കൊക്കൊ കോളയുടെ ബ്രാന്‍ഡ് അംബാസര്‍ ആകില്ലെന്ന നിലപാട് മമ്മൂട്ടി സ്വീകരിച്ചത്.

കല കൊണ്ട് സമൂഹത്തിന് പലതും ചെയ്യുവാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കാഴ്‌ച പതിനാലില്‍ മമ്മൂട്ടി പറയുന്നു; ‘ഞാനൊരു ജന്മനാ നടനല്ല. ജന്മനാ ആഗ്രഹ നടനാണ്’. സ്വന്തം പരിമിതികള്‍ അദ്ദേഹം മനസ്സിലാക്കുവാന്‍ തയ്യാറാണ്. അതേസമയം സ്വയം തേച്ചു മിനുക്കി കൊണ്ടുള്ള ഒരു പ്രയാണമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

WEBDUNIA|
കടല്‍, ആന, സ്‌ത്രീ ഇവയെ എത്ര കണ്ടാലും മതിവരില്ലെന്നാണ് പറയാറ്. മമ്മൂട്ടിയും അതു പോലെ തന്നെ.ജീവിതം കൊണ്ടും അഭിനയം കൊണ്ടും അദ്ദേഹം ഒരിക്കലും ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോകാത്ത പാഠങ്ങളാണ് നമ്മള്‍ക്ക് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :