""ആഗോളവത്ക്കരണം എന്ന വിഷയത്തെ കേരളീയര്‍ വേണ്ടവിധം സമീപിച്ചിട്ടില്ല. അതിനുള്ള കാരണം വൈകാരികമാണ്. പ്രായോഗിക തലത്തിലുള്ള ഒരു സമീപനമല്ല അതിനോടുള്ളത്.
കേരളത്തിലെ യുവത്വം എക്കാലവും പ്രതിരോധങ്ങളുടെ ഒരു വലിയ പാരമ്പര്യം ചുമക്കുന്നവരാണ്. അയ്യങ്കാളിയുടെ കാലം, ശ്രീനാരായണ ഗുരുവിന്റെ കാലം'' എന്നിങ്ങനെ പറയുന്നത് മുകുന്ദനാണ്. അതെ, കേരളത്തിന്റെ ഒരേയൊരു മുകുന്ദന്.
മലയാള സാഹിത്യത്തില്‍ കഥ, നോവല്‍ എന്നീ രണ്ടു മാധ്യമങ്ങള്‍ കൊണ്ട് ഒട്ടേറെ വ്യത്യസ്ത മുഖങ്ങള്‍ സ്വന്തമാക്കിയ എഴുത്തുകാരനാണ് എം. മുകുന്ദന്. "ഹൃദയവതിയായ പെണ്‍കുട്ടി'യെ കഥയെന്നും മയ്യഴിപ്പുഴയെ നോവലെന്നും വിളിക്കുമ്പോഴും മുകുന്ദന് പറയുന്ന കാര്യങ്ങളുടെ ഏകഭാവം ഈ ഇരട്ട മുഖങ്ങളെ ഒന്നാക്കിത്തീര്‍ക്കുന്നു.
അങ്ങനെ ഒരാളായിരിക്കുമ്പോള്‍തന്നെ പലരായിത്തീരുകയും പലരില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതാണ് ഈ എഴുത്തുകാരന്റെ സവിശേഷത.
മുകുന്ദനെന്ന എഴുത്തുകാരന്റെ നിയോഗങ്ങളും നിശ്ഛയങ്ങളും വായനക്കാരനു മുന്നില്‍ തുറന്നിടുന്ന സംഭാഷണങ്ങളാണ് "ഈ ലോകം അതിലൊരു മുകുന്ദന്' എന്ന പുസ്തകത്തില്‍. ഡി. വിജയമോഹനാണ് മുകുന്ദനോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. വിജയമോഹന്റെ ഈ ശ്രമം പൂര്‍ണമായും വിജയിച്ചിരിക്കുന്നു . ഈ പസുത്കം ഒരു ചോദ്യോത്തര ശൈലിയില്‍ നിന്ന് സമൂഹത്തിന്റെ അകക്കണ്ണായി മാറുന്നത് അതുകൊണ്ടാണ്.
ആശയങ്ങളുടെ സംഘര്‍ഷവും അതിജീവനവും സൃഷ്ടിക്കുന്ന നൂതനമായ കാഴ്ചപ്പാടുകള്‍ക്ക് എന്നും വഴിത്തണലായിരുന്നു മുകുന്ദന്റെ കൃതികള്‍. കാല്‍പ്പനികതയുടെ അസ്വാരസ്യങ്ങളെ രസികത്വത്തിന്റെ ആവേഗതയാല്‍, മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് മുകുന്ദന്റെ നേട്ടം.
അവിടെ കഥാകാരന് കൊടുക്കല്‍ വാങ്ങലുകളിലൂടെ, നിരന്തരമായ എതിര്‍പ്പുകളിലൂടെ സംവദിക്കുകയാണ്. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നതും ആവിലായിലെ സൂര്യോദയവും ദല്‍ഹിയുമെല്ലാം വായനക്കാരന് മികച്ച വിരുന്നാകുന്നതും അതുകൊണ്ടു തന്നെ.
""എം. കൃഷ്ണന്‍നായര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് എനിക്ക് അത്ര യോജിപ്പില്ല. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ എന്നെ അലട്ടാറില്ല. എനിക്കറിയാം, അദ്ദേഹം പറയുന്നതൊന്നും ആത്മാര്‍ത്ഥമായി പറയുന്നതല്ല എന്ന്''.
വ്യക്തിപരമായ നിരീക്ഷണങ്ങള്‍ തൊട്ട് സമൂഹത്തിന്റെ ഒപ്പം നടന്നുള്ള ചിന്തകളും, വ്യാഖ്യാനങ്ങളും ഈ സംഭാഷണങ്ങളിലുണ്ട്. എല്ലാ കാര്യത്തിലും, എല്ലാ വീക്ഷണങ്ങളിലും വ്യക്തിത്വം പുലര്‍ത്താന്‍ കഴിയുന്നു എന്നത് മുകുന്ദന്റെ സവിശേഷതയാണ്. കേശവന്റെ വിലാപങ്ങള്‍ എന്ന ഇടതുപക്ഷകൃതി എഴുതിയ എഴുത്തുകാരന് ദൈവത്തോടുള്ള അടുപ്പം രസകരമാണ്.