സജിത്ത്|
Last Modified ചൊവ്വ, 4 ജൂലൈ 2017 (11:46 IST)
പഞ്ചേന്ദ്രിയങ്ങളിലൊന്നാണ് ചെവി. അതുകൊണ്ടുതന്നെ ചെവിക്ക് പ്രത്യേകരീതിയിലുള്ള പരിപാലനം ആവശ്യമാണ്. നിസ്സംഗതയും അശ്രദ്ധയും അണുബാധപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ അമിത പരിചരണവും ശ്രദ്ധയും ആപല്‍ക്കരവുമായി മാറും.
ചെവികളിലുള്ള മുറിവുകളും പോറലുകളും ശ്രദ്ധിക്കുക. നിസ്സാരമെങ്കില്‍ പോലും അവ അണുബാധയ്ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമ്മുകയോ ചെയ്യാന്‍ പാടില്ല.
ചെവിക്കായം എന്നത് ഒരു രോഗാവസ്ഥയാണെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്രവമാണിത്. ഇത് കര്‍ണപുടത്തെ പൊടിപടലങ്ങള്‍, പ്രാണികള്‍, മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. ചെവിക്കായം വാസ്തവത്തില്‍ ചെവിയുടെ സംരക്ഷകനാണ് എന്നര്‍ത്ഥം.
ബഡ്സിന്റെ ഉപയോഗം ചെവിക്കായത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂവെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധകള്‍ക്ക് കാരണമാകുന്നു. ഒരുപാടുപേര്‍ മുങ്ങിക്കുളിക്കുന്ന കുളങ്ങളിലെ കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.
ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്റെ ഉപയോഗം തികച്ചും അനാവശ്യമാണ്. ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ അല്ലെങ്കില്‍ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു.