കാര്യങ്ങള്‍ നീട്ടിവയ്ക്കുന്ന പ്രവണതയുണ്ടല്ലേ ? ഓര്‍മ്മിച്ചോളൂ... അത് എട്ടിന്റെ പണി തരും !

കാര്യങ്ങള്‍ നീട്ടിവയ്ക്കുന്ന സ്വഭാവമുണ്ടോ?

സജിത്ത്| Last Modified തിങ്കള്‍, 3 ജൂലൈ 2017 (12:59 IST)
പല കാര്യങ്ങളും നീട്ടിവയ്ക്കുന്ന സ്വഭാവം നമുക്കെല്ലാവര്‍ക്കുമുണ്ട്. പിന്നെ ചെയ്യാം എന്ന തരത്തിലൊരു ഉഴപ്പന്‍ മട്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കാറുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. നാളെ നാളെ നീളെ നീളെ എന്നാണല്ലോ ചൊല്ല്.

ഈ നീട്ടിവയ്ക്കല്‍ മൂലം മാനസിക സമ്മര്‍ദ്ദവും വിഷമവുമൊക്കെ ആയിരിക്കും ഉണ്ടാകുന്നത്. തുടരെയുള്ള ഈ നീട്ടിവയ്ക്കല്‍ ജീവിതത്തില്‍ വെല്ലുവിളികളും ഉയര്‍ത്തും. നാം നമ്മില്‍ തന്നെ സമര്‍ദ്ദം ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കാര്യങ്ങള്‍ വച്ച് താമസിക്കുന്നത് മൂലം സമയവും ഊര്‍ജ്ജവും നഷ്ടമാവുന്നു. എന്തെങ്കിലും ചെയ്യണമെന്ന് നമുക്ക് അറിയാമായിരിക്കുകയും എന്നാല്‍ അത് ചെയ്യാതിരിക്കുകയും ചെയ്യുന്നത് കൊണ്ട്, ചെയ്യേണ്ട കാര്യം നമ്മുടെ മനസില്‍ കിടക്കുകയും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.

ഭാവി നേട്ടത്തെ കുറിച്ച് ചിന്തിക്കുക:

നമ്മുടെ ജീവിതം കടപ്പാടുകളും നാം ചെയ്യാന്‍ ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്.
എന്നാല്‍, സൃഷ്ടിപരവും സാങ്കല്‍പ്പികവുമായ ചിന്തകളിലൂടെ നമുക്ക് കാര്യങ്ങള്‍ നീട്ടിവയ്ക്കുന്ന പ്രവണത തരണം ചെയ്യാം. ഒരു കാര്യം ചെയ്യുന്നതു കൊണ്ട് പെട്ടെന്ന് ലഭിക്കുന്ന ഫലത്തേക്കാള്‍ പിന്നീടുണ്ടാകാവുന്ന വന്‍ നേട്ടത്തെ കുറിച്ച് മാത്രം ചിന്തിക്കുക. ഇത് പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇട നല്‍കും.

മുന്‍‌ഗണനാക്രമം നല്‍കുക:

നിങ്ങള്‍ ചെയ്യാന്‍ ഏറ്റവും മടിക്കുന്ന ജോലി ആദ്യം ചെയ്യുക എന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഊര്‍ജ്ജസ്വലനായിരിക്കുമ്പോള്‍ തന്നെ ഇതു ചെയ്യുകയും വേണം. നീട്ടിവയ്ക്കല്‍ പ്രവണത ഇല്ലാതാക്കാന്‍ ഇത് ഗുണം ചെയ്യും.

മറ്റൊരാളെ ഏല്‍പ്പിക്കുക:

ചില കാര്യങ്ങള്‍ ചെയ്യാന്‍ നാം വിദ്ഗദ്ധരായിരിക്കും. നാം അത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നുമുണ്ടാകും. എന്നാല്‍, ഈ ജോലിയില്‍ വിദഗ്ദ്ധരായ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് മറ്റ് ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കാവുന്നതാണ്.

ഘട്ടംഘട്ടമായി ചെയ്യുക:

ഒരു ജോലി നീട്ടിവച്ചാല്‍ പിന്നീട് അത് കുമിഞ്ഞ് കൂടി വലിയ ജോലിയായി മാറും. ഇങ്ങനെ സംഭവിച്ചുവെങ്കില്‍ ആ ജോലി ഘട്ടം ഘട്ടമായി ചെയ്തു തീര്‍ക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :