ഇനി കരുണാകരനൊപ്പമില്ല - മുരളീധരന്‍

K. Muraleedharan
KBJWD
ഇനിയുള്ള യാത്രയില്‍ കരുണാകരനൊപ്പം താനുണ്ടാകില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ അറിയിച്ചു. കരുണാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ചേര്‍ന്ന നിര്‍വ്വാഹക സമിതിയോഗത്തിലെ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പീതാംബരക്കുറുപ്പ്‌, എന്‍.വേണുഗോപാല്‍, എം.ടി. പത്മ, എം.വി. മണി, ജോസി സെബാസ്റ്റ്യന്‍ എന്നീ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചത്.

തൃശൂര്‍, എറണാകുളം ജില്ലാ പ്രസിഡന്‍റുമാര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കെ.കരുണാകരന്‍ വിളിച്ചു ചേര്‍ത്ത യോഗം എന്‍.സി.പിയെ തകര്‍ക്കാ‍ന്‍ വേണ്ടിയാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് കൊല്ലക്കാലം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് എന്തിനാണ് ഇത്രയും അധ്വാനം നടത്തിച്ചത്.

ഇതു കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ ചെന്നാല്‍ ഇവര്‍ക്ക് ആര് ഇല ഇട്ടുകൊടുക്കും. തങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ഒരു പാര്‍ട്ടിയിലേക്ക് മാടുകളെ തെളിച്ചുകൊണ്ടു പോകുന്നതു പോലെ എന്തിനാണ് പ്രവര്‍ത്തകരെയും കൊണ്ടു പോകുന്നത്. പോകുന്നവര്‍ക്ക് ഒറ്റയ്ക്ക് പോയാല്‍ പോരായിരുന്നോ.

കരുണാകരന്‍ കോണ്‍ഗ്രസിലേക്ക്‌ പോകുന്നതുകൊണ്ട്‌ പാര്‍ട്ടിക്ക്‌ ഒരു നഷ്ടവും സംഭവിക്കില്ല. പക്ഷെ, കരുണാകരന്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെടുമെന്നും മുരളി പറഞ്ഞു. മിനിറ്റില്‍ പത്തുതവണ പാര്‍ട്ടി മാറുന്നവരെ ആരും വിശ്വസിക്കില്ല. ഇനിയുള്ള യാത്രയില്‍ കരുണാകരനൊപ്പം താനുണ്ടാകില്ല. ഏല്ലാക്കാലത്തും എല്ലാവരും അടിയാളന്‍മാരാണെന്ന്‌ ആരും കരുതേണ്ടതില്ല.

തിരുവനന്തപുരം| WEBDUNIA|
പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനത്തിനും ഇല്ല. കോണ്‍ഗ്രസിന്‍റെ കേന്ദ്രനേതൃത്വത്തെ വിശ്വാസമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :