“സോളിഡാരിറ്റി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു”

പ്രദീപ് ആനക്കൂട്

WEBDUNIA| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2010 (18:47 IST)
PRO
“നിങ്ങളും സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനവും തമ്മിലുള്ള ബന്ധമെന്താണ്? നന്മയെ സ്‌നേഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, തിന്മയോട് തീര്‍ത്താല്‍ തീരാത്ത അരിശമുള്ള ആളാണ് നിങ്ങളെങ്കില്‍, മര്‍ദ്ദിതര്‍ക്കുവേണ്ടി നിങ്ങളുടെ കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയുണ്ടെങ്കില്‍, മര്‍ദ്ദകര്‍ക്കെതിരെ ഉയര്‍ത്താന്‍ നിങ്ങളുടെ മുഷ്ടിക്ക് കരുത്തുണ്ടെങ്കില്‍ നിങ്ങളും സോളിഡാരിറ്റിയുടെ ഭാഗമാണ്..” സോളിഡാരിറ്റി എന്ന സംഘടനയെ പറ്റി സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്.

“ഞാന്‍ സോളിഡാരിറ്റിയെന്ന സംഘടനയെ അറിയുന്നത് നിരവധി സമരമുഖങ്ങളില്‍നിന്നാണ്. എന്റേതായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങള്‍ വച്ചുകൊണ്ടാണ് ഈ ജനകീയസമരങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഞാന്‍ ചെന്ന മിക്ക സമരമുഖങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധിച്ചപ്പോഴാണ് എന്താണിവരുടെ പ്രത്യയശാസ്ത്ര നിലപാടെന്നറിയാന്‍ ആഗ്രഹം ഉദിച്ചത്. അത്തരത്തിലുള്ള ഒരു അന്വേഷണത്തിലൂടെയാണ് എന്റെ നിലപാടുകളുമായി ഒട്ടനവധി സാമ്യം ഇവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയത്” - എന്ന് പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ‌ആര്‍ നീലകണ്ഠന്‍ പറയുന്നു.

സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പി മുജീബ് റഹ്മാനുമായി പ്രദീപ് ആനക്കൂട് നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതാ -

സോളിഡാരിറ്റിയുടെ രാഷ്ട്രീയം

സോളിഡാരിറ്റി ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി ആയിട്ടില്ല ഇപ്പോള്‍. ആകാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ സോളിഡാരിറ്റി ഇപ്പോള്‍ ലക്‍ഷ്യം വയ്ക്കുന്നത് അത്തരം ഒരു ജനപക്ഷ ചേരി കേരളത്തില്‍ ഉയര്‍ന്നു വരണം എന്നാണ്. ഉയര്‍ന്നു വരുന്നതിന് അനുസരിച്ച് സോളിഡാരിറ്റിയുടെ റോള്‍ അപ്പോള്‍ തീരുമാനിക്കും. കേരളത്തിന്റെ സന്തുലിത വികസനത്തിനും കേരളത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസനം ഉള്‍പ്പെടെ സമഗ്രമായ കാഴ്ചപ്പാടുള്ള കൂട്ടായ്മയായി കേരളത്തില്‍ അത് രൂപപ്പെട്ട് വരുന്നുണ്ട്.

ഇപ്പോള്‍ സോളിഡാരിറ്റി രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു സാമൂഹിക പ്രസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളിലും സോളിഡാരിറ്റി ഇടപെടും. രാഷ്ട്രീയം, സാംസ്കാരികം എന്ന വ്യത്യാസമില്ലാതെ എല്ലാ വിഷയത്തിലും ഇടപെടും. പക്ഷേ, പൊളിറ്റിക്സിലേക്ക് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തു കൊണ്ട് രംഗത്തു വരാന്‍ സോളിഡാരിറ്റി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, സോളിഡാരിറ്റിയുടെ മാതൃസംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം കൊടുക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സോളിഡാരിറ്റി അതിലേക്ക് വികാസം പ്രാപിച്ചേക്കാം. ചിലപ്പോള്‍ സോളിഡാരിറ്റി സോളിഡാരിറ്റിയായി നിന്നു കൊണ്ട് ഒരു പൊളിറ്റല്‍ പാര്‍ട്ടി പ്രത്യേകമായി ഉണ്ടാക്കിയേക്കാം. അതിന്റെ സ്ട്രക്ചറല്‍ കണ്‍സപ്റ്റ് മാറ്റി നിര്‍ത്തിയാല്‍ സോളിഡാരിറ്റി ആഗ്രഹിക്കുന്നത്, ഇവിടെയുള്ള വ്യത്യസ്ത ധാരകളുണ്ട്, രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അസംതൃപ്തരായ നല്ല വ്യക്തിത്വങ്ങളുണ്ട്, നല്ല പരിസ്ഥിതി സംഘടനകളുണ്ട്, മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്, ആക്റ്റിവിസ്റ്റുകളുണ്ട്. ഇവരൊക്കെ നേതൃത്വം നല്‍കുന്ന ഒരു പാട് ജനകീയ സമരങ്ങളുണ്ട്, അവരുയര്‍ത്തുന്ന ഒരു പാട് ഇഷ്യൂസുണ്ട്. ഇവയെല്ലാം ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു ജനപക്ഷ രാഷ്ട്രീയ ബദല്‍ കേരളത്തില്‍ രൂപപ്പെട്ട് വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അടുത്ത പേജില്‍ വായിക്കുക “കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :