സ്പിന്നര്‍മാരുടെ ദാരിദ്ര്യം പ്രധാന പ്രശ്നം: ലക്ഷ്മണ്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 2 ഫെബ്രുവരി 2010 (17:00 IST)
PRO
ആഭ്യന്തര ക്രിക്കറ്റില്‍ നിലവാരമുള്ള സ്പിന്നര്‍മാര്‍ ഉയര്‍ന്നു വരാത്തത് ഇന്ത്യന്‍ ക്രിക്കറ്റ് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ബാറ്റ്സ്മാന്‍ വി‌വി‌എസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ഒരു ക്രിക്കറ്റ് വെബ്സൈറ്റുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഭാവി സ്പിന്‍ദാരിദ്ര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യന്‍ ടീമിനെ ഭാവിയില്‍ വളരെയധികം ബാധിക്കുന്ന പ്രശ്നമായിട്ടാണ് ഇത് തനിക്ക് അനുഭവപ്പെടുന്നതെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. നിലവാരമുള്ള സ്പിന്നര്‍മാരുടെ അഭാവം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ ഏറെ പിന്നോക്കം തള്ളുന്നുണ്ടെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നോട്ടുള്ള പ്രയാണത്തിലും ഭാവിയിലെ ബാറ്റിംഗ് പ്രതിഭകളിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലക്ഷ്മണ്‍ പറഞ്ഞു. രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും പോലുള്ള താരങ്ങള്‍ ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ പോലും മതിയായ പരിചയസമ്പത്ത് ആര്‍ജിച്ചിട്ടുണ്ട്.

രഞ്ജി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ദൃശ്യമാകുന്ന പ്രകടന ദാരിദ്ര്യവും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. രഞ്ജിയില്‍ ആഭ്യന്തരതാരങ്ങളില്‍ നിന്നുള്ള സെഞ്ച്വറികളോ ഇരട്ട സെഞ്ച്വറികളോ വിരളമായിക്കൊണ്ടിരിക്കുകയാണെന്നും താന്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുമ്പോള്‍ മറിച്ചായിരുന്നു സ്ഥിതിയെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ദൈര്‍ഘ്യമേറിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ യുവതാരങ്ങളെ ഉപദേശിക്കാനും ലക്ഷ്മണ്‍ മറന്നില്ല. ഒരിക്കല്‍ ഈ ഗുണം സ്വായത്തമാക്കിയാല്‍ ക്രിക്കറ്റിന്‍റെ ഏത് വകഭേദങ്ങളില്‍ വേണമെങ്കിലും അവര്‍ക്ക് തിളങ്ങാമെന്നും ലക്‍ഷ്മണ്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :