മലയാള സിനിമ: 2008ന്‍റെ അവകാശികള്‍

WEBDUNIA|
മലയാള സിനിമയ്ക്ക് 2008 ഗുണദോഷ സമ്മിശ്രമായ വര്‍ഷമായിരുന്നു. വിജയചിത്രങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും പുരസ്കാരങ്ങളുടെ കാര്യത്തില്‍ മലയാളം ചരിത്രം കുറിച്ച വര്‍ഷമായിരുന്നു ഇത്. ദേശീയ അവര്‍ഡുകളില്‍ കൂടുതലും മലയാളം സ്വന്തമാക്കി. അതുപോലെ അടയാളങ്ങള്‍ എന്ന സിനിമ സംസ്ഥാന അവാര്‍ഡുകളില്‍ ഭൂരിപക്ഷവും നേടി ശ്രദ്ധേയമായി.

കഴിഞ്ഞ വര്‍ഷത്തെ ബോക്സോഫീസ് പ്രകടനവും കലാമൂല്യവും കണക്കിലെടുത്ത് 2008ലെ സിനിമ, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നടി, എന്നിവരെ തിരഞ്ഞെടുക്കുകയാണിവിടെ.

2008ലെ ചിത്രം - വെറുതെ ഒരു ഭാര്യ

അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടേറെ പേരുടെ മടങ്ങിവരവായിരുന്നു. പരാജിതരെ കൈ പിടിച്ചുയര്‍ത്തിയ സിനിമയെന്ന് വെറുതെ ഒരു ഭാര്യയെ വിശേഷിപ്പിക്കാം. ഒരുപാട് തിരിച്ചടികള്‍ക്കൊടുവില്‍ ജയറാമിന് ലഭിച്ച പുനര്‍ജന്‍‌മം. ഇതുവരെ സ്വന്തം പേരില്‍ ഹിറ്റുകളൊന്നുമില്ലായിരുന്ന കെ ഗിരീഷ്കുമാര്‍ എന്ന തിരക്കഥാകൃത്തിന് ലഭിച്ച സ്വപ്നവിജയം. അക്ബര്‍ - ജോസ് എന്ന കൂട്ടുകെട്ടില്‍ നിന്ന് പിരിഞ്ഞ് അക്കു അക്ബര്‍ സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. മികച്ച തിരക്കഥയുടെയും സംവിധാനത്തിന്‍റെയും പിന്‍‌ബലത്തില്‍ നേടിയ ഈ അഭൂതപൂര്‍വമായ വിജയം താരബാഹുല്യം കൊണ്ട് ചരിത്രവിജയം നേടിയ ട്വന്‍റി20യെക്കാള്‍ മുകളിലാണ്. അതുകൊണ്ടു തന്നെ 2008ന്‍റെ ചിത്രമായി വെറുതെ ഒരു ഭാര്യ മാറുന്നു.

2008ലെ സംവിധായകന്‍ - മധുപാല്‍

നക്സല്‍ വര്‍ഗീസ് കേരളത്തിലെ ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. താനാണ് വര്‍ഗീസിനെ വെടിവച്ചുകൊന്നതെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലോടെ വര്‍ഗീസിന്‍റെ മരണം അടുത്തകാലത്തായി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സംഭവത്തിന് ഒരു സിനിമാറ്റിക് തലമുണ്ടെന്ന് കണ്ടെത്തി അതിനെ മികച്ച അനുഭവമാക്കി മാറ്റിയതിന് മധുപാലിനെ 2008ലെ മികച്ച സംവിധായനായി തെരഞ്ഞെടുക്കുന്നു. തലപ്പാവ് എന്ന ചിത്രം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം കേരളക്കരയാകെ ചര്‍ച്ചാവിഷയമായി. നവാഗതന്‍റെ പതര്‍ച്ചകളേതുമില്ലാതെ കേരളത്തിലെ തിളച്ചുമറിഞ്ഞ ഒരു രാഷ്ട്രീയ കാലഘട്ടം പുനഃസൃഷ്ടിച്ചതിലൂടെയാണ് മധുപാല്‍ ഈ വര്‍ഷത്തിന്‍റെ അവകാശിയായി മാറുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :