ഒബാമ തിളങ്ങി, മുഷാറഫ് പടിയിറങ്ങി

WEBDUNIA|
ലോകം പോയവര്‍ഷം ഏറ്റവും അധികം ചര്‍ച്ചചെയ്തത് ഒബാമയെക്കുറിച്ചായിരിക്കും. ലോകമെങ്ങുമുള്ള പത്രത്താളുകളിലും ചാനലുകളിലും നാളുകളോളം ഒബാമ തിളങ്ങിനില്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ അത്രത്തോളം പ്രധാന്യം ഒബാമയുടെ വിജയത്തിനുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായാണ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാരുടെ അധീശത്തിനുമേല്‍ വന്ന് പതിച്ച കൊടുങ്കാറ്റായിരുന്നു ഒബാമയുടെ വിജയം. അമേരിക്കയുടെ നാല്‍‌പ്പത്തിനാലാമത് പ്രസിഡന്‍റായി 2009 ജനുവരി 20നാണ് ഒബാമ അധികാരമേല്‍ക്കുന്നത്. മാറ്റത്തിനായുള്ള അമേരിക്കന്‍ ജനതയുടെ അടങ്ങാ‍ത്ത ദാഹമാണ് ഒബാമയെ പ്രസിഡന്‍റ്‌ സ്ഥാനത്തെത്തിച്ചത്.

മുഷാറഫിന്‍റെ പടിയിറക്കം

വര്‍ഷങ്ങളോളം അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന മുഷാറഫിന്‍റെ പടിയിറക്കം കാണാന്‍ കഴിഞ്ഞവര്‍ഷം ലോകത്തിനായി. മതാതിഷ്ഠിത അധികാരമുള്ള രാഷ്ട്രങ്ങളില്‍ അധികാര അട്ടിമറിയുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും രാഷ്ട്രീയ അട്ടിമറി ഇതിന് ചെറിയ ഉദാഹരണം മാത്രം. 2008ല്‍ പാക്കിസ്ഥാനിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകം ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. 1999 മുതല്‍ പാക്കിസ്ഥാന്‍റെ അധികാരം കയ്യാളിയിരുന്ന പര്‍വേസ് മുഷാറഫിന്‍റെ വിടവാങ്ങലിനും ആസിഫ് അലി സര്‍ദാരിയുടെ അധികാരമേല്‍ക്കലിനും 2008 സാക്‍ഷ്യം വഹിച്ചു.

ബുഷിന് ചെരിപ്പേറ്

യുദ്ധ വെറിയനായ ബുഷിന് ഏറ്റവും നല്ല സ്വീകരണം നല്‍കിയാണ് 2008 അവസാനിക്കുന്നത്. വിടവാങ്ങുന്നതിന് തൊട്ടു മുമ്പ് ഇറാഖ് സന്ദര്‍ശിച്ച ബുഷിന് നേരെ ഒരു പത്രപ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞത് അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖ് ജനതയുടെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു. അപ്രതീക്ഷിതമായ ചെരിപ്പേറില്‍ നിന്ന് സമര്‍ത്ഥമായി രണ്ടുവട്ടവും ബുഷ് ഒഴിഞ്ഞുമാറിയെങ്കിലും ഏറുകിട്ടിയെന്ന പേരുദോഷം കാലങ്ങളോളം ബുഷിനൊപ്പമുണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :