ഇനിയും ഉയരും, നിങ്ങളുടെ ഒപ്പമെത്താൻ ഇനിയും ഞങ്ങൾ പുനഃർജ്ജനിക്കും; ഇത് ഈ കാലഘട്ടത്തിന്റെ സ്ത്രീശബ്ദം

പെണ്ണിടം - തളരില്ല, തളർത്താൻ ആകില്ല

അപര്‍ണ ഷാ| Last Updated: ബുധന്‍, 19 ഫെബ്രുവരി 2020 (20:10 IST)
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാദിനം ദിനം കൂടി എത്തിയിരിക്കുന്നു. സ്ത്രീ സങ്കല്പങ്ങള്‍ മാറി മാറി വരികയാണ്. അടുക്കളയിൽ മാത്രം ഒതുങ്ങുകൂടിയിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരുപക്ഷേ അവൾ ചിലയിടങ്ങളിൽ ഇന്നുമുണ്ട്. എന്നാൽ, എനിയ്ക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞവർ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കില്ല. മാറിയ ഈ കാലഘട്ടത്തിൽ ലോകത്ത് പല മേഖലകളിലും സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.

മാറിയ ഈ കാലഘട്ടത്തിലും ഒരു ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്. പെണ്ണിന് സ്വാതന്ത്ര്യം ലഭിച്ചോ?. ഒറ്റവാക്കിൽ ഉത്തരം പറയുകയാണെങ്കിൽ - ഇല്ല. കാരണം സ്ത്രീ സമൂഹം ഇപ്പോള്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധികളിലൂടെയാണ്. ഈ ആധുനിക യുഗത്തിലും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. ഇന്നത്തെ തെറ്റ് നാളെയും ആവർത്തിക്കുകയാണ് സമൂഹം.

പെണ്ണായി പിറന്നവള്‍ സമൂഹത്തില്‍ കൂടുതലായി എന്തു നേടി എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. പുരുഷനാൽ നേടാൻ കഴിയാത്തതായി എന്തുണ്ട് എന്നൊരു മറുപുറം കൂടി ഈ ചോദ്യത്തിൽ ഉണ്ട്. സാമൂഹികപരമായും തൊഴിൽപരമായും സ്ത്രീകൾ പല മേഖലകളിലും മുന്നിട്ട് നിൽക്കുകയാണ്. ഒരുപാട് ഉയരങ്ങളിലാണ് സ്ത്രീ ഇപ്പോൾ എത്തിനില്‍ക്കുന്നത്. ഇതൊരു അവകാശം മാത്രമായിരിക്കാം. എന്നാലും ഒരു ചോദ്യം, സ്ത്രീ പൂര്‍ണമായും സ്വതന്ത്രയായോ? അവൾ സുരക്ഷയാണോ?

ചോദ്യങ്ങള്‍ പലതുണ്ടാവാം. പക്ഷേ ഉത്തരം ഒന്നായിരിക്കണം - അവൾ സുരക്ഷയാണ്, സ്വതന്ത്രയാണ്. ഇതാണ് ഓരോ സ്ത്രീയും കേൾക്കാൻ ആഗ്രഹിക്കുന്നത്. കുറേ പത്രക്കെട്ടുകളിലെ വാർത്തകൾ മാത്രമല്ലാതെ യഥാർത്ഥ്യത്തിൽ എന്ത് അവകാശമാണ് സ്ത്രീയ്ക്ക് ഈ സമൂഹത്തിൽ ഉള്ളത്. അന്നും ഇന്നും കണ്ണീർക്കയങ്ങളിൽ വീണുരുകുകയാണ് സ്ത്രീ. ഒന്നല്ലെങ്കിൽ മറ്റൊരു വിധ‌ത്തിൽ കണ്ണീർ നൽകുകയാണ് ഈ സമൂഹം.

മാറേണ്ടത് നമ്മുടെ മനസ്സല്ലേ? ഇന്ത്യയിൽ മാത്രമല്ല ഈ കൊച്ചു കേരളത്തിലും സ്ത്രീ പീഡന വാർത്തകൾക്ക് യാതോരു പഞ്ഞവുമില്ല. സ്ത്രീപീഡനം, ഗാർഹിക പീഡനം, ലൈംഗിക പീഡനം, എന്നിങ്ങനെ പീഡനത്തിന്റെ വകുപ്പ് തന്നെ പലതാണ്. പെണ്ണിനെ വെറുമൊരു പെൺശരീരമായി മാത്രം കാണാതെ, അവളും നമ്മുടെ രാജ്യത്തിന്റെ സന്തതിയാണെന്ന് ഓർമിക്കുക.

നിർഭയയെ ആരും മറന്നുകാണില്ല. അന്ന് പൊലീസ് ചോദിച്ചപ്പോൾ അവളെ ഇല്ലാതാക്കിയവരിൽ പ്രായം കുറഞ്ഞവൻ നൽകിയ മറുപടി സ്ത്രീകളെ മാത്രമല്ല പുരുഷന്മാരേയും ലജ്ജിപ്പിക്കുന്നതായിരുന്നു. ''എന്തിനവൾ ആ സമയത്ത് പുറത്തിറങ്ങി''? ഇതായിരുന്നു അവന്റെ ചോദ്യം. അവൻ ചോദിച്ചത് ആ പെൺകുട്ടിയോടല്ല, രാജ്യത്തെ നിയമവ്യവസ്ഥയോടാണ്. രാത്രിയാൽ സ്ത്രീകൾ വീടിനകത്ത് എന്ന് പറയാതെ പറയുന്ന ഈ സമൂഹമുണ്ടല്ലോ. അതാണ് മാറേണ്ടത്.

രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ മോശമാ‌ണെന്ന് ആരാണ് പറഞ്ഞത്?. അങ്ങനെയെങ്കിൽ ഒരു യാത്രക്കാരിയ്ക്കും ഈ വഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശമില്ലേ?. നമ്മുടെ കേരളത്തില്‍ പോലും ഇതുതന്നെയല്ലെ നടക്കുന്നത്. സ്ത്രീയ്ക്ക് സുരക്ഷ നൽകാതെ, അവൾ കാമുകനുമൊത്ത് സല്ലപിക്കുന്നുണ്ടോ? അവൾ ചുംബിയ്ക്കുന്നുണ്ടോ? അവൾ കൂട്ടുകാരന്റെ കൈകോർത്ത് പിടിച്ച് നടക്കുന്നുണ്ടോ? എന്നൊക്കെ നോക്കി നടക്കുകയാണ് ഈ സമൂഹം.

ഇതൊക്കെ എന്ന് മാറും എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. എന്നാൽ, മാറണം മാറിയേ തീരൂ.. എന്തുകൊണ്ടാണ് സാക്ഷരതയ്ക്ക് മുന്നിൽ നിൽക്കുന്ന കേരളത്തിന് പോലും ഈ അവസ്ഥ?. പുരുഷന് മാത്രമേ ഹൃദയമുള്ളോ? അപ്പോൾ സ്ത്രീകൾ മൃഗങ്ങ‌ളുടെ കൂട്ടത്തിലാണോ? അങ്ങനെ കരുതിയിട്ടെങ്ങാനും ആണോ ഇനി സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഒരു സംശയം മാത്രമാണ്. സ്ത്രീയെ സമൂ‌ഹത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുക എന്നത് ആണിന്റെ കടമയാണ്.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് നാം വനിത ദിനം ആചരിക്കുന്നത്. എന്നാൽ, ഓരോ വനിതാ ദിനത്തിലും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് മാത്രമേ സംസാരിക്കാനുള്ളു. അവളുടെ ഗുണങ്ങളും സന്തോഷങ്ങ‌ളും വെറും വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു. നേഴ്സറീ ക്ലാസ്സ്‌ കുട്ടികള്‍ മുതല്‍ വൃദ്ധർ വരെ ആഘോഷിക്കേണ്ട ദിവസമാണിത്. എന്നാൽ ഭയപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ, നേഴ്സറീ ക്ലാസ്സ്‌ കുട്ടികള്‍ മുതല്‍ വൃദ്ധർ വരെ പീഡിപ്പിക്കപ്പെടുന്ന കാലമായി മാറിയിരിക്കുന്നു എന്നതാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ആക്ഷേപങ്ങളും മുൻപ് ഉള്ളതിനേക്കാൾ ശക്തമായി വർദ്ധിച്ചു വരികയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. വാഗ്ദാനങ്ങൾ വെറും വാഗ്ദാനം മാത്രമായി മാറുകയാണ്. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന് കരുതി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഓരോ സ്ത്രീകളും. തനിയ്ക്കെതിരായ ആക്രമം നടന്നതിന്റെ നീതിയും കാത്തിരുന്ന ഒരു 17കാരി പെൺകുട്ടിയുടെ തൊലികൾ ചുളിഞ്ഞിരിക്കുന്നു, അവൾ വൃദ്ധയായിരിക്കുന്നു, നീതി ലഭിക്കാതെ. ഇതാണ് വർഷങ്ങളായി കണ്ടുവരുന്ന നീതിയും സ്ത്രീ സമത്വവും.

സ്ത്രീയെ അമ്മയായി കണ്ട് ആരാധിച്ചിരുന്ന ഒരു സമൂഹം ഈ ലോകത്ത് ഉണ്ടായിരുന്നെന്ന് പറഞ്ഞാൽ ഇന്നത്തെ പുരുഷ സമൂഹം ഒരുപക്ഷേ മ്യൂസിയത്തിലേക്ക് ഓടിയേക്കും. എന്നിരുന്നാലും സ്ത്രീ ആക്രമിയ്ക്കപ്പെടുന്നതിനു എല്ലാക്കാലവും കുറ്റക്കാരൻ പുരുഷൻ തന്നെയാണ്. അവന്റെ തെറ്റാണ്. സ്ത്രീയെ കാമത്തോടെ മാത്രം നോക്കാൻ അവനെ പ്രേരിപ്പിക്കുന്നതെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല.

ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നു , ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം എന്നിങ്ങനെയാണ് ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെ നിര നീളുന്നു. ഇത് നീണ്ട് നീണ്ട് സ്വന്തം വീട്ടിലും എത്തും. പത്രങ്ങളില്‍ ഇടം പറ്റാതെ പോയതും, പുറം ലോകം അറിയാതെ പോയതുമായ അനവതി വാര്‍ത്തകള്‍ ഒരുപാടുണ്ടാകും. അതിന്റെയെല്ലാം കണക്കെടുത്താൽ സമൂഹത്തിൽ ഇനി സ്ത്രീകൾ ഉണ്ടോ എന്ന് പോലും തോന്നിപ്പോകും.

സ്ത്രീയേ... പെണ്ണായി പിറന്നതിൽ നീ ലജ്ജിക്കണ്ട. ''നീ വെറും പെണ്ണ്'' എന്ന് പറയുന്നവന്റെ മനസ്സിനാണ് രോഗം. പെണ്ണിനെ കാമത്തോടെ മാത്രം നോക്കുന്ന പുരുഷനാണ് എന്നും തെറ്റുകാരൻ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :