രാവിലെ 08.25: അമ്മമാര്‍ക്ക് ഓടെടാ ഓട്ടം!

WEBDUNIA|
PRO
PRO
ചപ്പാത്തി പരത്തണം, അരിയിടണം, സാമ്പാറും തോരനും ഉണ്ടാക്കണം, ഇതിനിടയില്‍ അപ്പൂന്‍റെ യൂണിഫോം അയണ്‍ ചെയ്യണം, ഹസിന്‍റെ വിളിപ്പുറത്തെത്തണം...ഓടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. ഇതൊരു ജീവിതമത്സരമായതു കൊണ്ട് അവാര്‍ഡൊന്നും കിട്ടില്ല ഒരമ്മമാര്‍ക്കും. എന്നിട്ടും ദിനവും ഓടെടാ ഓട്ടം തന്നെ.

കാര്യം കോമഡിയൊന്നുമല്ല കുറച്ചു സീരിയസ് തന്നെ. രാവിലെ അമ്മമാര്‍ ഓടുന്ന ഓട്ടത്തെക്കുറിച്ച് പ്രത്യേക ഗവേഷണങ്ങളും പഠനങ്ങളും നടന്നു കഴിഞ്ഞിരിക്കുന്നു. ജോലിയുള്ള അമ്മമാര്‍ ഏറ്റവും അധികം സമ്മര്‍ദ്ദത്തിനടിപ്പെടുന്ന സമയമാണത്രേ രാവിലെ 08.25.

ഉറക്കമുണര്‍ന്ന് വരുന്ന മക്കളെ ഒരുക്കി സ്കൂളിലേക്ക് അയക്കുന്നതും അതിനിടയില്‍ അടുക്കളപ്പണി തീര്‍ക്കുന്നതും ജോലിയുള്ള അമ്മമാരെ സംബന്ധിച്ചിടത്തോളം ഒരു മല്ലയുദ്ധം തന്നെയാണ്. ‘എടാ’ എന്നു വിളിക്കുമ്പോള്‍ ‘പോടീ’ എന്നു പറയുന്ന എല്‍ കെ ജിക്കാരന്‍ കൂടിയാണെങ്കില്‍ ഒന്നും പറയണ്ട. എല്ലാം പ്രഭാതവും ഭേഷായി.

2000 അമ്മമാര്‍ക്കിടയില്‍ യൂണിറോയല്‍ ടയര്‍ കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോലിയുള്ള അമ്മമാരില്‍ 40 ശതമാനവും രാവിലെ ഓഫീസില്‍ എത്തുന്ന സമയം വരെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

രാവിലെ കുട്ടികളെ സ്കൂളില്‍ പോകാന്‍ തയ്യാറാക്കിയാല്‍ മാത്രം പോര. സ്കൂള്‍ ബസ് വരാതിരിക്കുകയോ, മഴ പെയ്യുകയോ, ഭക്ഷണം തയ്യാറാകാന്‍ അല്പം താമസിക്കുകയോ ചെയ്താല്‍ കുട്ടികളെ അമ്മമാര്‍ തന്നെ സ്കൂളില്‍ കൊണ്ടു പോയി വിടണം. അതിനുശേഷം വേണം അവര്‍ക്ക് ജോലിക്കായി പോകാന്‍. ഇതും അമ്മമാരെ ഏറെ സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :