മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും ദയാലുവായ രാഷ്ട്രപതി എന്ന വിശേഷണം പ്രതിഭാ പാട്ടീലിന്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 23 പേരുടെ ദയാഹര്‍ജികള്‍ പരിഗണിച്ച്, അവ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതി കൂടിയായ പ്രതിഭാ പാട്ടീല്‍ മനസ്സ് കാണിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
1981 മുതല്‍ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജികളില്‍, ശിക്ഷാ ഇളവ് ലഭിച്ച 90 ശതമാനം ഹര്‍ജികളും പരിഗണിച്ചത് പ്രതിഭാ പാട്ടീല്‍ ആയിരുന്നു. ഛാര്‍ഖണ്ഡില്‍ ഒമ്പതുവയസ്സുകാരനെ കുരുതികൊടുത്തതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുശീല്‍ മുര്‍മുവിന്റെ ദയാഹര്‍ജി പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തേത്. ഫെബ്രുവരി ഒമ്പതിനായിരുന്നു ഇത്.
അഞ്ച് ദയാഹര്‍ജികളാണ് അവര്‍ തള്ളിയത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികള്‍, ഗുവാഹത്തി ട്രക്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹരകാന്ത് ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദവീന്ദര്‍ പാല്‍ സിംഗ്, മഹേന്ദ്രനാഥ് ദാസ് എന്നിവരുടെ ദയാഹര്‍ജികളാണിവ.