പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ

ഗോദയില്‍ വളകിലുങ്ങുമ്പോള്‍ - 7

WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (20:25 IST)
ഇതൊക്കെയാണെങ്കിലും വിവാദങ്ങളില്‍ നിന്നും മുക്തയല്ല ഈ സമര നായിക. ഹിന്ദു സന്യാസി ബാബ രാംദേവിനെതിരെ അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ബാബയുടെ കേന്ദ്രത്തില്‍ മരുന്നുകളില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ചേര്‍ക്കുന്നതായാണ് അവര്‍ ആരോപിച്ചത്.

ഹിന്ദു സംഘടനകള്‍ മാത്രമല്ല, ശരത് പവാര്‍, മുലായം സിംഗ് യാദവ്, അംബിക സോണി, നാരായണ്‍ ദത്ത് തിവാരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഇതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തുകയുണ്ടായി. ഒരു ബി ജെ പി നേതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് കോടതി നോട്ടീസും ഇവരെത്തേടിയെത്തി.

പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വൃന്ദ മല്‍സരിച്ചതും വിവാദമായിരുന്നു. കോളേജ് ജീവിതത്തിന് ശേഷം താന്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്ത പശ്ചിമബംഗാളില്‍ നിന്ന് മല്‍സരിക്കാനുള്ള അവരുടെ നീക്കമാണ് വിവാദമായത്. നേരത്തെ അസ്സമില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിച്ച മന്‍മോഹന്‍സിംഗിന്‍റെ നടപടിയെ വൃന്ദ എതിര്‍ത്തിരുന്നു.

രാഷ്‌ട്രീയത്തില്‍ മാത്രമല്ല കലാരംഗത്തും വൃന്ദ തന്‍റെ കഴിവു തെളിയിച്ചിട്ടുണ്ട്. 2005ല്‍ സിഖ് വിരുദ്ധ കലാപത്തെ ആസ്പദമാക്കി തന്‍റെ അനന്തിരവള്‍ കൂടിയായ ഷൊണാലി ബോസ് നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ അവര്‍ അഭിനയിച്ചു. കൂടാതെ, ‘നിലനില്പും സ്വാതന്ത്ര്യവും’ എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് വൃന്ദ കാരാട്ട്. ഇന്ത്യയിലെ വനിത പ്രസ്ഥാനങ്ങളെയും സമരങ്ങളേയും ഒരു ഇടതുപക്ഷ കാഴ്ചപ്പാടില്‍ നോക്കിക്കാണുകയാണ് ഗ്രന്ഥകാരി ഇതില്‍.

പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ തലപ്പത്ത് തീരുമാനങ്ങളെടുക്കുമ്പോള്‍ അതില്‍ പങ്കാളിയാകുന്ന ഈ വനിത, മൂന്നാം മുന്നണിയെയും സി പി എമ്മിനെയും വിജയത്തിലേക്ക് നയിക്കുന്നതില്‍ പാര്‍ട്ടിയുടെ ശക്തിയും പ്രതീക്ഷയുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :