ഈജിപ്തിലെ പെണ്ണുങ്ങള്‍

WEBDUNIA|
PRO
PRO
വളരെ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ലോകം അസാധാരണമായൊരു വിപ്ലവാഹ്വാനം കേട്ടു. മക്കന ധരിച്ച ഒരു പെണ്‍കുട്ടി യൂട്യൂബിലൂടെ ഈജിപ്തിലെ ജനങ്ങളോടാണ് ആ ആഹ്വാനം നടത്തിയത്. ആ ഒറ്റയാള്‍ സമരം, ഹോസ്നി മുബാറക് 30 കൊല്ലംകൊണ്ട് പടുത്തുയര്‍ത്തിയ വലിയൊരു രാഷ്ട്രീയ സാമ്രാജ്യത്തിന്‍റെ അവസാനത്തിനാണ് വഴിവെച്ചത്.

ആസ്മാ മെഹ്ഫൂസ് എന്ന് പേരായ ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “കഴിഞ്ഞ 30 വര്‍ഷമായി അനുഭവിച്ചു വരുന്ന വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അപമാനത്തിന്‍റെയും പീഡനനുഭവങ്ങളോട് സമരം പ്രഖ്യാപിച്ച് സ്വയം തീക്കൊളുത്തിയ നാല് ഈജിപ്റ്റുകാരിലൊരാള്‍ ഇന്ന് മരിച്ചിരിക്കുന്നു. ടുണീഷ്യയില്‍ നടന്നത് പോലെയുള്ള ഒരു വിപ്ലവം അവര്‍ പ്രതീക്ഷിച്ചിരിക്കാം. സ്വാതന്ത്ര്യവും, സമത്വവും നീതിയും അവര്‍ പ്രതീക്ഷിച്ചിരിക്കാം.

നാട്ടുകാരേ! നാണമില്ലേ നിങ്ങള്‍ക്ക്? ഞാനൊരു പെണ്‍കുട്ടി, ജനുവരി 25ന് തഹ്‌രീര്‍ ചത്വരത്തില്‍ ഒരു കൊടിയുമേന്തി നില്‍ക്കും. നിങ്ങള്‍ ആണുങ്ങളാണെന്ന് സ്വയം വിചാരിക്കുന്നുവെങ്കില്‍, വീടുകളില്‍ നിന്ന് പുറത്തിറങ്ങുക.!” പിന്നീടെന്താണ് സംഭവിച്ചത്? വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന ജനസഞ്ചയം ഈജിപ്ത് പിടിച്ചടക്കി. ലോകമാധ്യമങ്ങളില്‍ ഈജിപ്തിലെ പെണ്ണുങ്ങള്‍ നിറഞ്ഞു നിന്നു. അവരുടെ സ്വാതന്ത്ര്യവാഞ്ഛ അറബ് രാഷ്ട്രങ്ങളെക്കുറിച്ച് മുന്‍‌വിധികള്‍ സൂക്ഷിക്കുന്ന പാശ്ചാത്യമാധ്യമങ്ങളെ അത്ഭുതപ്പെടുത്തി. ആസ്മാ മെഹ്ഫൂസിനെ അവര്‍ വാനോളം പുകഴ്ത്തി.

പിന്നെയുമെന്താണ് സംഭവിച്ചത്? ഹോസ്നി മുബാറക്ക് രാജ്യം വിട്ടോടി. ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നു. മുബാറക്കിന്‍റെ ബാധയുള്ളതെന്ന് ആളുകള്‍ കുറ്റം പറഞ്ഞു. രാജാവ് ഒളിച്ചോടി, രാജവംശം ഭരണം തുടരുന്നൂ എന്ന് ചിലര്‍ പറഞ്ഞു. എങ്കിലും ആശ്വാസം കൊണ്ടു. മുബാറക് ഇല്ലല്ലോ!

ഒരു പെണ്‍കുട്ടിയുടെ വീറില്‍ നിന്ന് മുളപൊട്ടി, പെണ്ണുങ്ങളുടെ നിര്‍ണായകമായ പങ്കാളിത്തത്താല്‍ സാധ്യമായ വിപ്ലവം വിജയിച്ചപ്പോള്‍ ആണുങ്ങള്‍ തീട്ടൂരമിറക്കുന്നു. പെണ്ണുങ്ങള്‍ വീട്ടിലിരിക്കട്ടെ! ഇതാണ് വിപ്ലവാനന്തര ഈജിപ്തിലെ സ്ത്രീകള്‍ക്കായി അവശേഷിച്ചത്. ലോകത്തെങ്ങും പെണ്ണുങ്ങളുടെ മനുഷ്യാവകാശത്തിന്‍റെ സ്ഥിതി ഇതാകുന്നു.
ഈജിപ്തിന്‍റെ ഭരണഘടനാ ഭേദഗതികള്‍ക്കായി പുതുതായി രൂപീകരിച്ച സമിതിയില്‍ ഒരു സ്ത്രീ പോലുമില്ല.

വീട്ടില്‍ പോയിരുന്ന് കുട്ടികളെ നോക്കൂ എന്ന് ഒരു ശേയ്ഖ് ആജ്ഞാപിച്ചുവെന്നാണ്
ഈജിപ്തിലെ പത്രപ്രവര്‍ത്തകയായ ഏതാര്‍ എല്‍-കതാറ്റെനിക്ക് ട്വീറ്റ് ചെയ്യുന്നത്. ഈജ്പ്തിന്‍റെ തെരുവുകള്‍ പിടിച്ചടക്കി രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സ്ത്രീകളോട് ഇടക്കാല സര്‍ക്കാര്‍ ഹൃദയശൂന്യമായാണ് പെരുമാറുന്നതെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പ്രതിനിധി ജ്യോഫറി മക്ക് പറയുന്നു.

മാര്‍ച്ച് 8ന് തഹ്‌രീര്‍ സ്ക്വയറില്‍ പിന്നെയും സ്ത്രീകള്‍ തടിച്ചുകൂടിയിരുന്നു- വനിതാദിനം പ്രമാണിച്ച്. എന്നാല്‍ വിപ്ലവങ്ങള്‍ക്ക് ഒരു പരിധിയുണ്ടെന്ന് ഈജിപ്തിലെ ആണുങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവസാ‍നിച്ചത് മുബാറക്കിന്‍റെ ഭരണമാണ്. ആണുങ്ങളുടേതല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :