മുബാറക് വീണില്ലേ, പ്രക്ഷോഭം മതി: സൈന്യം

കെയ്‌റോ| WEBDUNIA|
PRO
ഹോസ്നി മുബാറക് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെ ഈജിപ്‌തില്‍ സൈന്യം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് പുതിയ ഭരണഘടനയും ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനങ്ങള്‍ സമരം തുടര്‍ന്നു വരികയായിരുന്നു.

എന്നാല്‍ അനധികൃത സമരങ്ങള്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നാണ് സൈന്യത്തിന്റെ നിരീക്ഷണം. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സൈനിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, മുബാറക്കിന്‍റെ രാജിക്കു വഴിതെളിച്ച ജനകീയ പ്രക്ഷോഭത്തിന്‍റെ വേദിയായ തഹീര്‍ സ്ക്വയറില്‍ ഈജിപ്ഷ്യന്‍ പതാകയേന്തിയ പതിനായിരക്കണക്കിനു പേര്‍ അണിനിരന്നു.

മുബാറക് വീണെങ്കിലും പ്രക്ഷോഭം കെട്ടടങ്ങിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക മേഖല താറുമാറാക്കുന്നതിന് മാത്രമേ ഈ പ്രക്ഷോഭങ്ങള്‍ ഉപകരിക്കൂ എന്നാണ് സൈന്യത്തിന്റെ നിരീക്ഷണം. അത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. ശമ്പളവര്‍ധന ആവശ്യപ്പെട്ടു തൊഴില്‍ സമരം ആരംഭിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി. എന്നാല്‍, രാജ്യത്തെ അടിയന്തരാവസ്ഥാ നിയമം പിന്‍വലിക്കണമെന്ന ആവശ്യം പ്രക്ഷോഭകര്‍ ആവര്‍ത്തിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ടു സമരം ചെയ്യുന്നവരെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.

പതിനെട്ട് ദിവസം നീണ്ട പ്രക്ഷേഭത്തിന് ഒടുവിലാണ് പ്രസിഡന്റ്‌ ഹോസ്നി മുബാറക് പുറത്തുപോകാന്‍ തയ്യാറായത്. പ്രക്ഷോഭത്തിനിടെ 365 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. ആറായിരത്തോളം പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രക്ഷോഭത്തോട് അനുബന്ധിച്ചുണ്ടായ ഏറ്റുമുട്ടലുകളില്‍ ജനങ്ങള്‍ കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സൈന്യത്തോട് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :