മുംബൈ നഗരം ഒന്നു ചുറ്റിക്കറങ്ങുന്നതിനിടെ ബോളിവുഡിലെ ചില പെണ്‍കൊടികളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. കരീന, കത്രീന, ദീപിക എന്നിവരില്‍ തുടങ്ങി ചിലപ്പോള്‍ ഐശ്വര്യ റായിയെ വരെ കണ്ടെന്നിരിക്കും. എന്നാല്‍ അസിനെ ഇതുവരെയാരും എവിടെയും കണ്ടിട്ടില്ലത്രേ. എങ്ങനെ, കാണും? നഗരത്തില്‍ ഇറങ്ങുമ്പോള്‍ ബുര്‍ഖ ധരിച്ചാണത്രേ പുള്ളിക്കാരിയുടെ നടപ്പ്! പ്രശ്നം സ്വകാര്യത തന്നെ.
ഈയിടെ ഖറിലെ ഒരു സലൂണില്‍ ബുര്‍ഖ ധരിച്ച് ഒരു പെണ്‍കുട്ടി കയറി വന്നു. മറ്റാരുമല്ല, നമ്മുടെ അസിന്‍ തന്നെ. കൈയും മുഖവും തലയുമൊക്കെ മറച്ച് അസിന്‍ ഇങ്ങനെ കഷ്ടപ്പെട്ട് കയറി വരുന്നത് കണ്ട് അവിടെയുള്ളവര്‍ അതിശയിച്ചു പോയത്രെ. കത്രീന കൈഫ്, ബിപാഷ ബസു, പ്രീതി സിന്റ തുടങ്ങിയ നടിമാര്‍ സലൂണില്‍ വന്നുപോകുന്നത് എല്ലാവരും കാണാറുണ്ട്. ഇവരൊന്നും ആഗ്രഹിക്കാത്ത എന്ത് സ്വകാര്യതയാണാവോ അസിന് വേണ്ടത്?
സെലിബ്രിറ്റികള്‍ സ്വകാര്യത ആഗ്രഹിക്കുന്നത് സ്വാഭാവികം. എന്നാല്‍ മറ്റ് താരങ്ങളെല്ലാം ഒളിവും മറയുമില്ലാതെ ഇറങ്ങിനടക്കുമ്പോള്‍ അസിന്‍ മാത്രം ബുര്‍ഖ ധരിച്ച് കഷ്ടപ്പെടുന്നതാണ് ആള്‍ക്കാരെ ചിരിപ്പിക്കുന്നത്.
സിനിമയില്‍ ഗ്ലാമറിന്റെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുന്ന അസിനെ പുതിയൊരു കോസ്‌റ്റ്യൂമില്‍ കാണാന്‍ ചിലര്‍ക്ക് ഭാഗ്യമുണ്ടായി എന്ന് ചുരുക്കം!