മുംബൈ ഭീകരാക്രമണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് ഇന്ത്യ അമേരിക്കയുമായി പങ്കുവച്ചില്ലെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഇന്ത്യയ്ക്ക് പിങ്ക് നിറത്തിലുള്ള ഒരു പെട്ടി ലഭിച്ചതായി വിക്കിലീക്‌സ് പറയുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ വഹിച്ച പങ്ക് വെളിവാക്കുന്നതായിരുന്നു ഈ പെട്ടി. എന്നാല്‍ ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയില്ല.
ഇസ്‌ലാമാബാദിലെ യു എസ് എംബസി വാഷിംഗ്ടണിലേക്കയച്ച നയതന്ത്രകേബിളിലാണ് പിങ്ക് പെട്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
സമാനമായ ഒരു പെട്ടി പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് കിട്ടിയ പെട്ടി കൂടി പരിശോധിച്ചാല്‍ മാത്രമേ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്തുവരികയുള്ളൂ.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്‍ നിന്ന് സമാനമായ ഒരു പെട്ടി എഫ് ബി ഐ കണ്ടെത്തിയിരുന്നു. മുംബൈ ആക്രമണം സംബന്ധിച്ച അന്വേഷണം വിജയകരമാക്കാന്‍ ഇന്ത്യയും പിങ്ക് നിറമുള്ള ആ പെട്ടി കൈമാറണമായിരുന്നു.
ലഷ്‌കര്‍-ഇ-തോയ്ബ ഓപ്പറേഷന്‍ കമാന്‍ഡര്‍ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി, ഹമ്മാദ് അമീന്‍ സാദിഖ്, മഷാര്‍ ഇഖ്ബാല്‍, അബ്ദുല്‍ വാജിദ്, ഷഹീദ് ജാമില്‍ റെയ്‌സ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ പങ്ക് പെട്ടി ഇന്ത്യ കൈമാറുക തന്നെ വേണമെന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തലിലുള്ളത്.