30,000ത്തില്‍ കുറവ് മാത്രം കാണികള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യാ-പാകിസ്ഥാന്‍ ലോകകപ്പ് സെമിഫൈനല്‍ നടക്കുന്ന പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറികള്‍ വന്‍കിട കമ്പനി മുതലാളിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും കൈയടക്കി കഴിഞ്ഞു. കമ്പനി മുതലാളിമാരില്‍ ഗ്ലാമര്‍ പരിവേഷമുള്ള അംബാനി സഹോദരന്മാരും വിജയ് മല്യയുമടക്കമുള്ളവര്‍ തങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സംഘം ചേര്‍ന്നാണ് മത്സരത്തിന് ആവേശം പകരാന്‍ എത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
റിലയന്‍സ് മേധാവി മുകേഷ് അംബാനിയും ഭാര്യ നീത അംബാനിയും മത്സരത്തിനെത്തുക മക്കളായ ആകാശ്, ആനന്ദ്, ഇഷ തുടങ്ങിയവരെയും കൂട്ടിയായിരിക്കും. അനില്‍ അംബാനി മുന്‍ ബോളിവുഡ് നടിയും ഭാര്യയുമായ ടീന അംബാനിക്കും മക്കള്‍ക്കൊപ്പുമൊപ്പം തീ പാറുന്ന കായിക മാമാങ്കം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടിണ്ട്. കുടുംബ സുഹൃത്തുക്കളായ ബച്ചന്‍ കുടുംബത്തിലെ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യാ റായിയും അനില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നിരുന്ന് പോരാട്ട ആവേശത്തിന്റെ മാറ്റുരയ്ക്കും. പ്രത്യേക വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്തിട്ടാകും അനില്‍ അംബാനി കളി കാണാന്‍ എത്തുക.
മദ്യ രാജാവും ബാംഗ്ലൂര്‍ ഐ പി എല്‍ ടീമിന്റെ ഉടമയുമായ വിജയ് മല്യ, മകന്‍ സിദ്ധാര്‍ഥിനൊപ്പം ഒന്നാം നിരയില്‍ സ്ഥാനം പിടിക്കും. ഇവരെ കൂടാതെ ഹീറോ ഹോണ്ട മേധാവി പവന്‍ മുഞ്ചാള്‍, ബോംബേ ഡെയിങ് മേധാവി നെസ് വാഡിയ, ഫോര്‍ട്ടിസ് മേധാവികളായ മല്‍വീന്ദര്‍ സിങ്ങും ശിവീന്ദര്‍ സിങ്ങും, ഭാരതി എന്റര്‍പ്രൈസസ് എംഡി രാജന്‍ ഭാരതി മിത്തല്‍, ടോമി ഹില്‍ഫിഗര്‍ സിഇഒ ശൈലേഷ് ചതുര്‍വേദി, ബര്‍മന്‍ കുടുംബത്തിലെ മോഹിത് ബര്‍മന്‍ തുടങ്ങിയവരും മത്സരം ഗ്യാലറിയിലിരുന്ന് വീക്ഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് പകലും രാത്രിയുമായാണ് ക്രിക്കറ്റ് പ്രേമികള്‍ ഉത്കണ്ഠയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍. കളിയുടെ ആവേശത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ചില കമ്പനികള്‍ അവധിയും പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം തന്റെ ഉടമസ്ഥതയിലുള്ള ചില കമ്പനികള്‍ക്ക് ബുധനാഴ്ച മുഴുവന്‍ അവധി നല്‍കി കൊണ്ടാണ് അനില്‍ അംബാനി ഈ പ്രത്യേക മത്സരത്തെ ആഘോഷമാക്കി മാറ്റുന്നത്.