ആർത്തവമെന്ന് കേൾക്കുമ്പോൾ തന്നെ സ്ത്രീകൾക്ക് ചില അസ്വസ്ഥതകൾ തോന്നി തുടങ്ങും. ഭൂമിയിലെ അവസ്ഥ ഇതാണെങ്കിൽ ആകാശത്തെ അവസ്ഥ എന്തായിരിക്കും? ബഹിരാകാശത്ത് പോയാല്‍ അവിടെ വെച്ച് ആര്‍ത്തവം ഉണ്ടാകുമോ? അഥവാ ഉണ്ടായാല്‍ എങ്ങനെ നേരിടും? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? ഇങ്ങനെ നീളുന്നു സംശയങ്ങൾ. ആശങ്കകള്‍ക്ക് ഏതായാലും അവസാനമായി. ബഹിരാകാശത്ത് പോയാലും സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാകും, ബഹിരാകാശ യാത്രികയ്ക്ക് അത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ലണ്ടനിലെ കിംഗ്‌സ് കോളജിലെ ഹ്യൂമന്‍ ആന്‍ഡ് എയ്‌റോസ്പേസ് ഫിസിയോളജിക്കല്‍ സയന്‍സസിലെ ഗവേഷകയും സ്പേസ് ഗൈനക്കോളജിസ്റ്റുമായ വര്‍ഷ ജയിന്‍ ആണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.
ആദ്യമായി വനിതകളെ ബഹിരാകാശത്തേക്ക് അയക്കാൻ തീരുമാനിക്കുമ്പോൾ ഗവേഷകർ ആശങ്കപ്പെട്ടത് ആർത്തവകാലത്തെ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. ഭൂമിയിലേയും ബഹിരാകാശത്തേയും ആര്‍ത്തവം ഒരുപോലെയാണോ എന്നുപോലും അവര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഗവേഷകരുടെ ആശങ്കകള്‍ അസ്ഥാനത്താണെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്‌കിനുകള്‍ എങ്ങിനെ നശിപ്പിക്കാമെന്നായിരുന്നു പിന്നീട് ആലോചന. ഇത് തലവേദനയാപ്പോള്‍ യാത്രികര്‍ ശ്രമിച്ചത് ഗുളികകള്‍ വഴി ആര്‍ത്തവസമയം നീട്ടാനായിരുന്നു. താല്‍ക്കാലികമായി പിടിച്ച് നിര്‍ത്തുന്നതിനും ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങി.
എന്നാല്‍, ബഹിരാകാശ യാത്രയില്‍ ആര്‍ത്തവത്തെ ഒരു വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഭൂമിയില്‍ വെച്ച് ഉണ്ടാകുന്ന ആര്‍ത്തവവും ഭൂമിയില്‍ നിന്നും ഏകദേശം 250 മൈല്‍ അകലെയുണ്ടാകുന്ന ആര്‍ത്തവവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു രണ്ട് അഭിപ്രായങ്ങള്‍ വന്നത്.
താമസിയാതെ തന്നെ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പാഡുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുവാനുള്ള പ്രത്യേക ടോയ്‌ലറ്റുകളും പിന്നീട് നിര്‍മ്മിതമായി. കൂടാതെ, ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന സഹിക്കാനാകാത്ത വേദന ഒഴിവാക്കുന്നതിനുള്ള ഗുളികകളും യാത്രികര്‍ സൂക്ഷിക്കാറുണ്ട്.
പുരുഷന്മാരേക്കാള്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് സ്ത്രീകളിലാണുള്ളത്. അതോടൊപ്പം സ്ത്രീകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറവാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പുരുഷന്മാരേക്കാള്‍ എന്തുകൊണ്ടും ബഹിരാകാശയാത്രക്ക് യോജിക്കുന്നത് സ്ത്രീകളാണെന്നും പഠനത്തില്‍ പറയുന്നു.