ചെന്നൈ|
Last Updated:
തിങ്കള്‍, 28 മാര്‍ച്ച് 2016 (16:43 IST)
വിവാഹിതയാകാൻ പോകുന്ന ഏതൊരു പെൺകുട്ടിയുടേയും സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകളുണ്ടാകും. ആ ചിറകുകൾ വിടർത്തി പറക്കാൻ അവരാഗ്രഹിക്കും. ആഗ്രഹം സഫലമാകാൻ എപ്പോഴും കൂടെയുണ്ടാകുക അമ്മായിയമ്മയാണ്. അവരെയാണ് ആദ്യം കയ്യിലെടുക്കേണ്ടത്. പൂർണമായും മറ്റൊരു കുടുംബത്തിന്റെ അംഗമാകാൻ പോകുമ്പോൾ അവൾക്ക് ആകുലതകൾ കാണും. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങണമെങ്കിൽ, അവരുടെ ഇഷ്ടം പിടിച്ചെടുക്കണമെങ്കിൽ അമ്മായിയമ്മയുടെ പ്രിയപ്പെട്ട മരുകളാകുക.
അമ്മായിയമ്മയുടെ പ്രിയ മരുമകളാകാൻ ഇതാ ചില ചെപ്പടിവിദ്യകൾ;
നല്ല ചിന്താഗതികൾ
സംസാരിക്കുന്നതിലൂടെ ഇരുവർക്കും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. എപ്പോഴും നല്ല കാര്യങ്ങൾ സംസാരിക്കാൻ ശ്രദ്ധിക്കുക. നല്ല ചിന്താഗതികൾ മാത്രം പങ്കു വെക്കുക. പോസിറ്റീവായ എനർജികൾ കൈമാറുക. ബഹുമാനത്തോടു കൂടിയുള്ള സംസാരത്തിലൂടെ അമ്മായിയമ്മയിൽ ഇഷ്‌ടം ഉണ്ടാക്കിയെടുക്കുക.
സ്വന്തം അമ്മയെ പോലെ അമ്മായിയമ്മയെയും കാണുക
സ്വന്തം അമ്മയെ പോലെ തന്നെ അമ്മായിയമ്മയെയും കാണുക. സ്നേഹവും ബഹുമാനവും ഒരുപോലെ നൽകുക. അമ്മയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങുമ്പോൾ അമ്മായിയമ്മയ്ക്കും വാങ്ങുക. വ്യത്യാസം കാണിക്കാതെ സ്നേഹിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക.
അവബോധം ഉണ്ടാക്കുക
മകന്റെ ജീവിതത്തിൽ മറ്റൊരാൾ കടന്നു വരുമ്പോൾ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ചിന്ത ഏതൊരു അമ്മയ്ക്കും ഉണ്ടാകും. ആ ചിന്ത മാറ്റിയെടുക്കുക. വിവാഹത്തിലൂടെ, അല്ലെങ്കിൽ മരുമകളുടെ വരവോടെ അമ്മയുടേയും മകന്റേയും സ്നേഹത്തിന് യാതോരു കോട്ടവും വന്നിട്ടില്ലെന്ന് അമ്മായിയമ്മയെ പറഞ്ഞ് മനസ്സിലാക്കുക.
അമ്മയുടെ പാചകത്തേക്കാൾ തന്റെ പാചകം ഭർത്താവ് ഇഷ്‌ടപ്പെടണം എന്ന രീതിയിൽ അമ്മായിയമ്മയുമായി മത്സരം പാടില്ല. ഇങ്ങനെയുണ്ടായാൽ അതവരുടെ മനസ്സിനെ വേദനിപ്പിക്കും. എന്നാൽ എല്ലാ അമ്മായിയമ്മമാരും ഇങ്ങനെയാകണമെന്നില്ല.
ബഹുമാനം
ബഹുമാനത്തോടു കൂടി നിങ്ങളുടെ അമ്മായിയമ്മയെ സമീപിക്കുക. അവർ പ്രായാധിക്യമേറിയവർ ആണെന്ന് ബോധമുണ്ടാകുക. അമ്മായിയമ്മയുടെ കുട്ടിക്കാലം, സൗഹൃദങ്ങൾ, വിദ്യാലയ ജീവിതം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധത്തെ അത് ദൃഡതയുള്ളതാക്കാൻ സാധിക്കും.
പ്രതീക്ഷകൾ
ഒരുപാട് പ്രതീക്ഷകളോടെയാണ് നിങ്ങളെ ഭർത്താവിന്റെ കുടുംബം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒരിക്കലും ആ കൈകൾ വീട്ടുകളയില്ലെന്ന പ്രതീക്ഷ അവർക്കുണ്ടാകും. അവരുടെ പ്രതീക്ഷകളേക്കാൾ വളരെ ഉയരത്തിലാണ് നിങ്ങളെന്ന് അമ്മായിയമ്മയെ ബോധ്യപ്പെടുത്തുക.
ശ്രദ്ധാലുവായിരിക്കുക
വീട്ടിനുള്ളിൽ മാത്രം ഒതുങ്ങികൂടുന്ന ഒരു അമ്മയാണെങ്കിൽ അവരുമായി കൂടുതൽ സംസാരിക്കുക, പരിസരപ്രദേശങ്ങളിൽ കൊണ്ടുപോകുക, സന്തോഷിപ്പിക്കുക, പാചകങ്ങളിൽ സഹായിക്കുക. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ അവരിൽ ഉണ്ടെങ്കിൽ അവരെ ബുദ്ധിമുട്ടിക്കാതെ ഭർത്താവും നിങ്ങളും ചേർന്ന് ഭക്ഷണം പാകം ചെയ്യുക.
കൊച്ചുമക്കളുടെ ചിത്രങ്ങള്‍ അയച്ചു നല്കുക
പ്രത്യേക ദിവസങ്ങൾ മനസ്സിലാക്കി അവരെ വിളിച്ചറിയിക്കുക. ജന്മദിവസങ്ങളിൽ വിളിച്ച് ആശംസകൾ അറിയിക്കുക. നിങ്ങളുടെ മക്കളുടെ ചിത്രങ്ങൾ അവർക്കയച്ചു കൊടുക്കുക. ഇത് അവരെ കൂടുതൽ സന്തോഷിപ്പിക്കും.
ഉപദേശങ്ങൾ കേള്‍ക്കുക
ഒരുപാട് ജീവിത അനുഭവങ്ങൾ ഉള്ളവരായിരിക്കും എല്ലാ അമ്മമാരും. അവരുടെ ഉപദേശങ്ങൾ എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിലനിൽക്കാൻ വേണ്ടിയുള്ളതാണ്. ബഹുമാനത്തോടു കൂടി അവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക, ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുക. ഇത് അവരെ കൂടുതൽ സന്തോഷിപ്പിക്കുന്നതായിരിക്കും.
കുട്ടികൾ
കുട്ടികളെ അവരിലേക്ക് അടുപ്പിക്കുക. കഥകൾ പറഞ്ഞും ചിരിപ്പിച്ചും അവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ കുട്ടികൾക്ക് സാധിക്കും.
ആശയവിനിമയം
കുടുംബത്തിന് അപ്പുറമുള്ള കാര്യങ്ങൾ സംസാരിക്കുക. ആരെങ്കിലും നിങ്ങളെക്കുറിച്ച് മോശമായിട്ട് സംസാരിക്കുകയോ നിങ്ങളെ വേദനിപ്പിക്കുകയോ ചെയ്താൽ അത് മനസ്സിൽ വെച്ചു കൊണ്ടിരിക്കാതെ നിങ്ങളുടെ ഭർത്താവുമായിട്ടോ അമ്മായിയമ്മയുമായിട്ടോ പങ്കു വെയ്ക്കുക. സംസാരിച്ച് കഴിഞ്ഞാൽ അത് നിങ്ങൾക്ക് ആശ്വാസമേകും.