സൌന്ദര്യം ചങ്കൂറ്റവും ഗസാലയ്ക്ക് സമ്മാനിച്ചത്...

WEBDUNIA|
PRO
PRO
പഷ്തോ ഭാഷയില്‍ പോപ്പ് ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്ന പാകിസ്ഥാനി ഗായികയായ ജാവേദിനെ അജ്ഞാതസംഘം വെടിവെച്ചിട്ടത് ഞെട്ടലോടെയാണ് പുറം‌ലോകം അറിഞ്ഞത്. ഇരുപത്തിനാല് വയസുകാരിയായ ഗസാലയെയും പിതാവ് ജാവേദിനെയും നടുറോഡിലിട്ടാണ് ഒരുസംഘം അജ്ഞാതര്‍ വെടിവച്ചുകൊന്നത്‌. ആറു ബുള്ളറ്റുകളേറ്റ ഗസാല ജാവേദ്‌ തല്‍ക്ഷണം മരിച്ചു. പിതാവ്‌ മുഹമ്മദ്‌ ജാവേദ്‌ ആശുപത്രിയിലേക്കു പോകുംവഴിയാണ്‌ മരിച്ചത്‌.

അതീവ സുന്ദരിയായ ഗായികയായിരുന്നു ഗസാല. വിവാഹിതയുമായിരുന്നു. പാഷ്തോ പാട്ടുകള്‍ പാടുന്നതിനൊപ്പം നൃത്തം കൂടി അവതരിപ്പിച്ചാണ് ഗസാല ലോകപ്രശസ്തയാകുന്നത്. ‘ഗസാല ജാവേദ് ഹോട്ട് ഡാന്‍‌സ്’, ‘ഗസാല ജാവേദ് ഷോക്കിംഗ് വീഡിയോ’ എന്നൊക്കെയുള്ള പേരുകളില്‍ യൂട്യൂബില്‍ ഇത്തരം പാട്ടുനൃത്തങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ‘ഷോക്കിംഗ് വീഡിയോ’ എന്ന വീഡിയോയില്‍ ‘ഷോക്കിംഗ്’ ആയ ഒന്നും ഇല്ലെന്നാണ് സത്യം. എങ്കിലും ഗസാലയുടെ ഈ ചെയ്തികള്‍ താലിബാനെ പ്രകോപിപ്പിച്ചു.

സംഗീതവും നൃത്തവും അനിസ്ലാമികമാണെന്ന് കരുതുന്ന താലിബാനെ അല്ലറ ലൈംഗികച്ചുവടുകളോടെ ഗസാല നടത്തുന്ന നൃത്തം പ്രകോപിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സംഗതികള്‍ നിര്‍ത്തിക്കൊള്ളണമെന്ന് താലിബാന്‍ പലപ്പോഴായി ഗസാലയ്ക്ക് മുന്നറിയിപ്പ് കൊടുത്തതുമാണ്. എന്നിട്ടും, സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നത് ഗസാല തുടര്‍ന്നുപോന്നു. അതിനിടയില്‍ ഗസാല ആരെയോ ചുംബിക്കുന്ന ഒരു വീഡിയോ ക്ലിപ്പും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിക്കാന്‍ ഇടയായി.

ഗസാലയും ഭര്‍ത്താവ് ജഹാംഗീര്‍ ഖാനും ഇപ്പോള്‍ അകന്നാണ് കഴിയുന്നത്. ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് താന്‍ അകന്ന് കഴിയുന്നതെന്ന് ഗസാല മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭാര്യയുടെ ചുറ്റിക്കളികള്‍ എതിര്‍ത്തപ്പോള്‍ അവള്‍ ഇറങ്ങിപ്പോവുകയാണ് ഉണ്ടായതെന്ന് ജഹാംഗീര്‍ ഖാന്‍ പറയുന്നു. എന്തായാലും ജഹാംഗീറില്‍ നിന്ന് വിവാഹമോചനം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഈയടുത്തകാലത്ത് ഗസാല. ഇതും കൂടി ആയതോടെ, താലിബാന്റെ കോപം വര്‍ദ്ധിക്കുകയും ചെയ്തു.

പാഷ്തോ സംഗീതത്തിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കുന്ന ഗസാല പുറം നാടുകളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2009 തൊട്ട് ഗസാല ഫേസ്ബുക്കില്‍ സജീവമാണ്. പഷ്തോ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ ഏറെ പ്രശസ്തയായ ഗസാലയ്ക്ക് വിനയായത് അതീവ സൌന്ദര്യവും സംഗീതത്തിലും കലയിലും ഉള്ള അഭിരുചിയും ചങ്കൂറ്റവുമാണ്. ഇവ മൂന്നും അവളെ കുരുതികൊടുത്തു.

വധത്തിന് പിന്നില്‍ ആരാണെന്ന് പാകിസ്ഥാന്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. മതതീവ്രവാദികളായ താലിബാനാകും കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊതുവെ കരുതുന്നത്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടാല്‍ ഭാര്യയെ ‘തെറിച്ച പെണ്ണ്’ ആയിട്ടാണ് താലിബാന്‍ കരുതുക. മാത്രമല്ല, ഗസാലയുടെ സ്റ്റേജ് പരിപാടികള്‍ യാഥാസ്ഥിതികരെ പ്രകോപിക്കുകയും ചെയ്തു. ഇക്കാരണങ്ങളാല്‍ താലിബാന്‍ തന്നെ ഗസാലയെ വധിച്ചതാകാന്‍ വഴിയുണ്ട്. എങ്കിലും, വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് വകവരുത്തിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :