ഒരു മുസ്ലീമായി ജനിച്ചതിനാല്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ കെകെ ഷാഹിന. മികച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള ചമേലി ദേവി ജയിന്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഷാഹിന ഇങ്ങിനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന പുരസ്കാരദാന ചടങ്ങില്‍ ഷാഹിന നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
“നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍, ഞാനൊരു ഭീകരവാദിയല്ല - നിര്‍ഭാഗ്യവശാല്‍ മുസ്ലിം പേരു വഹിക്കുന്ന ആരും, അവനോ അവളോ വിശ്വാസിയോ നിരീശ്വരവാദിയോ ആയാലും പൊതുവേദിയില്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങണം. കൗമാരം മുതലേ ഒരു മതവും അനുഷ്ഠിക്കാത്ത ഞാനും ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍ ഞാനൊരു ഭീകരിയല്ല.”
“ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ രണ്ടു പ്രോസിക്യൂഷന്‍ സാക്ഷികളെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാനിടയായി. കേസില്‍ പിഡിപി നേതാവ് അബ്ദുന്നാസിര്‍ മദനി കുറ്റാരോപിതനാണ്. 1997-ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടു പത്തുവര്‍ഷം ജയിലില്‍ കിടന്ന ആളാണു മദനി. 2007ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി, വെറുതെവിട്ടു. എന്നാല്‍ വീണ്ടും കര്‍ണാടക പോലിസ് മദനിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്; ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ.”
“ഈ കേസിലെ ആറു പ്രോസിക്യൂഷന്‍ സാക്ഷികളില്‍ രണ്ടുപേര്‍- ജോസ് തോമസും മദനിയുടെ അനിയന്‍ മുഹമ്മദ് ജമാലും - കര്‍ണാടക പോലിസ് കെട്ടിച്ചമച്ചതാണു തങ്ങളുടെ മൊഴികളെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. മൂന്നാംസാക്ഷി, പോലിസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. നാലുദിവസത്തിനുള്ളില്‍ അയാള്‍ മരിച്ചുപോവുകയും ചെയ്തു. പോലിസ് രേഖകള്‍ പറയുന്നത്, കണ്ണൂരില്‍വച്ചു മൊഴി രേഖപ്പെടുത്തി എന്നാണ്. എന്നാല്‍, 500 കിലോമീറ്റര്‍ ദൂരെ എറണാകുളത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ആശുപത്രിരേഖകള്‍ പറയുന്നു.”
“ഈ പശ്ചാത്തലത്തിലാണു പോലിസിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തില്‍ ഞാന്‍ സംശയാലുവായത്. കര്‍ണാടക പോലിസിന്റെ പ്രത്യേകാന്വേഷണസംഘം കെട്ടിച്ചമച്ച മൊത്തം കഥ, ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ സംശയിക്കാന്‍ തുടങ്ങി. എന്താണീ കഥയില്‍ മദനിയുടെ റോള്‍? ഈ കേസിലെ രണ്ടു സാക്ഷികളെ കണ്ടതോടെ എന്റെ ഊഹം തെറ്റിയിട്ടില്ലെന്നു ബോധ്യമായി.”
“. ഇന്ത്യന്‍ പിനല്‍ കോഡിലെ വകുപ്പുകളനുസരിച്ച്, സാക്ഷികളുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിനു ഞാന്‍ കുറ്റാരോപിതയായി. മടിക്കേരി ജില്ലാ കോടതിയില്‍ ഞാന്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചു. എന്റെ ജാമ്യാപേക്ഷ കോടതി കേള്‍ക്കുന്നതിനിടയില്‍ കൂടുതല്‍ കുറ്റങ്ങള്‍ പിന്നെയും എന്നിലാരോപിക്കപ്പെട്ടു. അങ്ങനെ കോടതി ജാമ്യാപേക്ഷ നിരസിച്ചു. കര്‍ണാടക ഹൈക്കോടതിയിലാണ് ഇപ്പോള്‍ എന്റെ ജാമ്യാപേക്ഷ. അടുത്ത ദിവസം കേസിന്റെ ഹിയറിങ് നടക്കുകയാണ്. എന്താണു സംഭവിക്കുക എന്നറിയില്ല. ജാമ്യം കിട്ടുമോ അതോ ജയിലില്‍ പോവേണ്ടിവരുമോ?”
“എനിക്കെതിരായ കേസ് അല്ല പ്രശ്നം. മൊത്തം മാധ്യമങ്ങള്‍ക്കെതിരായ ഒരു താക്കീതാണത്. ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവം. നിങ്ങള്‍ ചോദ്യംചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെതിരേ കിരാതനിയമങ്ങള്‍ ഉയരുകയായി. നിങ്ങള്‍ ഒരു ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ആളാണെങ്കില്‍, നിങ്ങള്‍ ഒരു ഭീകരനല്ലെന്നു തെളിയിക്കുക ബുദ്ധിമുട്ടാണ്. നിങ്ങള്‍ ഒരു മാവോവാദിയല്ലെന്നു തെളിയിക്കലും, ഈ കാലത്തും ലോകത്തും ദുഷ്കരമാണല്ലോ.”