യുഡിഎഫ് അധികാരത്തിലേറും, ബിജെപിക്ക് 2 സീറ്റ് കിട്ടും!

WEBDUNIA|
PRO
വരുന്ന തെരഞ്ഞെടുപ്പില്‍ ആര് ഭരണം നേടും എന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് - സീഫോര്‍ രണ്ടാം ഘട്ട സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു. യു ഡി എഫ് അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം. ബി ജെ പി ഇത്തവണ അക്കൌണ്ട് തുറന്നേക്കാമെന്നും സര്‍വെ പറയുന്നു.

യു ഡി എഫ് 80 മുതല്‍ 90 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. എല്‍ ഡി എഫിന് 50 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കും. ബി ജെ പിക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് സര്‍വെ.

മലബാര്‍ മേഖലയില്‍ എല്‍ ഡി എഫിന് മുന്‍‌തൂക്കമുണ്ടാകുമെന്നാണ് സര്‍വെ ഫലം. ആകെയുള്ള 49 സീറ്റുകളില്‍ 28 മുതല്‍ 32 സീറ്റു വരെ എല്‍ ഡി എഫ് നേടിയേക്കാം. 16 മുതല്‍ 20 സീറ്റുവരെയാണ് യു ഡി എഫിന് ലഭിക്കാവുന്നത്. ബി ജെ പി മലബാര്‍ മേഖലയില്‍ ഒരു സീറ്റ് നേടിയേക്കാമെന്നും സര്‍വെ ഫലം പറയുന്നു.

മധ്യകേരളത്തില്‍ യു ഡി എഫിന് 33 മുതല്‍ 36 സീറ്റുകള്‍ വരെ ലഭിക്കും. എല്‍ ഡി എഫ് എട്ടുമുതല്‍ 11 വരെ സീറ്റുകളില്‍ ഒതുങ്ങും. ബി ജെ പിക്ക് മധ്യകേരളത്തില്‍ സീറ്റ് ലഭിക്കില്ല.

തെക്കന്‍ കേരളത്തില്‍ എല്‍ ഡി എഫ് 31 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ ഡി എഫ് 14 മുതല്‍ 17 സീറ്റുകള്‍ വരെ നേടും. ബി ജെ പിക്ക് ഒരു സീറ്റ് തെക്കന്‍ കേരളത്തില്‍ ലഭിച്ചേക്കാം.

ഇത്തവണ യു ഡി എഫിന് 46 ശതമാനം വോട്ടും എല്‍ ഡി എഫിന് 41 ശതമാനം വോട്ടും ലഭിക്കും. 2006ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമായിരിക്കും യു ഡി എഫിന് കൂടുതലായി ലഭിക്കുക. എട്ട് ശതമാനം വോട്ടുകള്‍ എല്‍ ഡി എഫിന് നഷ്ടപ്പെടും. എന്നാല്‍ ബി ജെ പിക്ക് നാല് ശതമാനം വോട്ട് വര്‍ദ്ധിക്കും.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ജനപ്രീതി കൂടിയതായി സര്‍വെ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 48 ശതമാനം പേരും ഏറ്റവും നല്ല മുഖ്യമന്ത്രിയായി വി എസിനെ തെരഞ്ഞെടുത്തു. 36 ശതമാനം പേര്‍ ഉമ്മന്‍‌ചാണ്ടിയെയും 13 ശതമാനം പേര്‍ രമേശ് ചെന്നിത്തലയെയും മൂന്ന് ശതമാനം ജനങ്ങള്‍ കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു.

വികസന പ്രവര്‍ത്തനങ്ങളാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നാണ് 36 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത്. വി എസിന്‍റെ സ്ഥാനാര്‍ത്ഥിത്വം എല്‍ ഡി എഫിന് മുന്‍‌തൂക്കം നല്‍കിയെന്ന് 63 ശതമാനം പേര്‍ വ്യക്തമാക്കുന്നു. ഈ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്ന് 68 ശതമാനം പേര്‍ പറയുന്നു.

സ്ഥാനാര്‍ത്ഥിയുടെ മികവ് അനുസരിച്ചാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുകയെന്ന് 62 ശതമാനം ജനങ്ങളും പറയുന്നു. ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനം എടുത്തിട്ടില്ലാത്തവര്‍ ഏഴ് ശതമാനമാണ്.

ഏതൊക്കെ സമുദായങ്ങള്‍ ആര്‍ക്കൊക്കെ വോട്ടുചെയ്യും എന്നതിനെപ്പറ്റി ഒരു ചിത്രവും ഏഷ്യാനെറ്റ് സര്‍വെയില്‍ തെളിയുന്നുണ്ട്. സവര്‍ണ ഹിന്ദുക്കള്‍ 60 ശതമാനവും യു ഡി എഫിനായിരിക്കും വോട്ട് ചെയ്യുക. ഈഴവ വോട്ടുകള്‍ 68 ശതമാനവും എല്‍ ഡി എഫിന് ലഭിക്കും. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ 70 ശതമാനത്തിന് മുകളില്‍ യു ഡി എഫിന് അനുകൂലമാകും. അതേസമയം ദളിത് വോട്ടുകളില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :