നടി ലിസി തന്റെ മകളാണെന്ന് വര്‍ക്കി വീണ്ടും!

Actress Lissy
കൊച്ചി| WEBDUNIA|
PRO
PRO
ആര്‍ഡിഒ ഉത്തരവിട്ടിട്ടും പ്രമുഖ നടിയും സം‌വിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി ചെലവിന് പണം നല്‍‌കാന്‍ തയ്യാറാവാത്തതിനാല്‍ ലിസിയുടെ പിതാവ്‌ മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍‌കി. വര്‍ക്കിയുടെ പരാതിയില്‍ ലിസിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ എറണാകുളം ജില്ലാ കലക്ടര്‍ പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നു. എന്നിട്ടും ഒന്നും നടക്കാത്തതിനാലാണ് വര്‍ക്കി വീണ്ടും കളക്ടറെ സമീപിച്ചിരിക്കുന്നത്. ലിസി തന്റെ മകളാണെന്ന്‌ തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നാണ് വര്‍ക്കി പറയുന്നത്.

എറണാകുളം ജില്ലാ കളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞപ്പോള്‍ ലിസിയുടെ പിതാവല്ല വര്‍ക്കി എന്നാണ് അഭിഭാഷകന്‍ ബോധിപ്പിച്ചത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് സാംഗത്യം ഉണ്ടാവുകയുള്ളൂവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണെന്ന്‌ കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്നു.

വര്‍ക്കിയുടെ പരാതി ആദ്യം പരിഗണിക്കുകയും ലിസി ചെലവിന്‌ നല്‍കണമെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്തത് മൂവാറ്റുപുഴ ആര്‍ഡിഒയാണ്. ആര്‍‌ഡി‌ഓയ്ക്ക് തന്നെയാണ് കേസിന്റെ പുനരന്വേഷണ ചുമതല ഇപ്പോള്‍ കളക്ടര്‍ ഏല്‍പ്പിച്ച് കൊടുത്തിരിക്കുന്നത്. വര്‍ക്കി തന്റെ പിതാവല്ലെന്നും സ്കൂള്‍/കൊളേജ് സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ്‌ എന്നാണ്‌ തന്റെ അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത് എന്നുമാണ് ലിസി വാദിച്ചുവരുന്നത്‌.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍‌പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയില്‍ വരുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള പ്രണയം 1990-ല്‍ വിവാഹത്തില്‍ കലാശിച്ചു.

വിവാഹശേഷം ലക്ഷ്മി എന്ന് പേരുമാറ്റി ലിസി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി - പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്. ചെന്നൈയില്‍ അത്യാഡം‌ബരപൂര്‍‌വം കഴിയുന്ന ലിസി സ്വന്തം പിതാവിനെ മറന്ന കാര്യം ഞെട്ടലോടെയാണ് പുറം‌ലോകം അറിഞ്ഞത്. ലിസിക്ക് സിനിമയില്‍ ചാന്‍‌സ് നേടിക്കൊടുക്കാന്‍ ലിസിയുടെ അമ്മ നടത്തിയ ശ്രമങ്ങളെ പറ്റി കുറ്റാന്വേഷണ വാരികയായ ക്രൈം സ്റ്റാര്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :