ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാറിന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹം. 14-കാരിയായ മകള്‍ ദാരുണമായി കൊല ചെയ്യപ്പെട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നൂപുര്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ദന്തരോഗ വിദഗ്ദ്ധ കൂടിയായ നൂപുര്‍ ഇപ്പോള്‍ ദസ്ന ജയിലില്‍ ആണ് കഴിയുന്നത്.
ഇതേ ജയിലില്‍ അമ്മയ്ക്കൊപ്പം കഴിയുന്ന പെണ്‍കുഞ്ഞിനെ ദത്തെടുക്കാനാണ് നൂപുര്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിയമക്കുരുക്കില്‍ അകപ്പെട്ട നൂപുരിന് ഈ സാഹചര്യത്തില്‍ കുഞ്ഞിനെ ദത്തെടുക്കുന്നത് പ്രയാസകരമായിരിക്കും. സി ബി ഐ കോടതിയില്‍ കീഴടങ്ങിയ നൂപുരിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി മെയ് 22-ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
2008 മെയ് 16-ന് നോഡിയയിലെ വീട്ടിലാണ് ആരുഷിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുവേലക്കാരനായ ഹേംരാജും ആരുഷിക്കൊപ്പം കൊല്ലപ്പെട്ടു. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ആരുഷി കിടപ്പുമുറിയില്‍ കൊല്ലപ്പെടുമ്പോള്‍ മാതാപിതാക്കള്‍ തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എ സിയുടെ ശബ്ദം മൂലം തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്നാണ് നൂപുര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ആരുഷിയുടെ കൊലയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പുസ്തക രചനയിലാണ് നൂപുര്‍ എന്ന് ജയില്‍ ഈയിടെ അധികൃതര്‍ അറിയിച്ചിരുന്നു.