തമിഴ് തൊഴിലാളി ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍
തളിപ്പറമ്പ്|
WEBDUNIA|
PRO
PRO
തമിഴ് തൊഴിലാളിയെ ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി നോക്കുന്ന തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ശാന്തകുമാറാണ്(37) കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന തിരുവള്ളൂര്‍ സ്വദേശി ബാബുവാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പറശിനിക്കടവ് കോള്‍മൊട്ടയിലെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം ശാന്തകുമാറും ബാബുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് രാത്രി ഒന്‍പതോടെ ഇരുവരും ഭക്ഷണം കഴിച്ച് കിടക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി പതിനൊന്നരയോടെ തൊട്ടടുത്തെ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ ചെന്നു നോക്കിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഈ സമയം ബാബുവിനെ കാണാനുണ്ടായിരുന്നില്ല. ഇയാളുടെ ബാഗും മുറിയില്‍ ഇല്ലായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്ന് സംശയിക്കാന്‍ കാരണം. തലക്കേറ്റ അടിയായിരിക്കാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ബാബുവിന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.