അപർണ|
Last Modified ബുധന്‍, 2 മെയ് 2018 (15:08 IST)
കല്യാണത്തിനും വിശേഷദിവസങ്ങളിലും സദ്യയ്ക്കൊപ്പം വിളമ്പുന്ന ഒരു ഐറ്റമായിരുന്നു ഇഞ്ചിക്കറി. എന്നാൽ, ഇപ്പോൾ വല്ലപ്പോഴും കാണുന്ന ഒരു വിഭവമല്ല ഇഞ്ചിക്കറി. എളുപ്പത്തിൽ ഇഞ്ചിക്കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഇഞ്ചി 100 ഗ്രാം
പച്ചമുളക് 6
വെളിച്ചെണ്ണ കാല്‍ കപ്പ്
മുളകുപൊടി 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി കാല്‍ടീസ്പൂണ്‍
പുളി ചെറുനാരങ്ങയോളം
വെള്ളം 2 കപ്പ്
ഉപ്പ് പാകത്തിന്
ശര്‍ക്കര കാല്‍ ഉണ്ട
കടുകു വറുക്കുന്നതിന്
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
കടുക് 2 ടീസ്പൂണ്‍
വറ്റല്‍മുളക് മുറിച്ചത് 2 എണ്ണം
കറിവേപ്പില 2 കതിര്‍പ്പ്
ഇഞ്ചി വൃത്തിയായി കഴുകി ചുരണ്ടി വയ്ക്കുക. കനം കുറച്ച് വട്ടത്തില്‍ അരിയുക. പച്ചമുളക് വട്ടത്തില്‍ വേറെ അരിഞ്ഞു വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി പച്ചമുളക് അരിഞ്ഞത് വാട്ടി കോരിയെടുക്കണം. ഇതേ എണ്ണയില്‍ ഇഞ്ചി അരിഞ്ഞത് വറുത്ത് കോരണം. ഇഞ്ചി നല്ല പോലെ ചുവന്ന് മൂക്കണം.
ഒരു കല്‍ച്ചട്ടിയില്‍ പുളി കഴുകി പിഴിഞ്ഞ് അരിച്ച 2 കപ്പ് വെള്ളം ഒഴിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി ഇവയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടുപ്പത്തു വച്ചു തിളപ്പിക്കുക. ഇതില്‍ വറുത്തു വച്ച ഇഞ്ചി ഒരുവിധം പൊടിച്ചു ചേര്‍ക്കുക. പച്ചമുളക് വഴറ്റിയതും ചേര്‍ക്കുക. വീണ്ടും തിളപ്പിക്കുക. നന്നായി തിളച്ചാല്‍ ശര്‍ക്കര ചേര്‍ക്കുക. നല്ലവണ്ണം തിളച്ചു കുറുകാറായാല്‍ വാങ്ങുക. വെളിച്ചെണ്ണയില്‍ കടുകു വറുക്കുക.