ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (17:19 IST)
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.
വള്ളികളോടു ചേർന്നു വളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞോ കട പുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്.
പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കർപ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീർമരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്മേനി വാക, നീർമാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാൽ, പേരാൽ, ഇത്തി, അത്തി എന്നിവയും വീട് നിര്‍മ്മാണത്തിന് ഉത്തമമല്ലെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പനച്ചി, വിളാർമരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിർമാണത്തിനായി ഉപയോഗിക്കരുത്. അതേസമയം, ചന്ദനത്തെ ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് വിധി പ്രകാരം മാത്രമേ പാടുള്ളൂവെന്നും വാസ്തു പറയുന്നു.