അനന്തപുരിയിലെ പ്രണയവിഹാരങ്ങള്‍

WEBDUNIA|
പ്രകൃതിയുടെ വര്‍ണ്ണങ്ങള്‍ മരങ്ങള്‍ക്കുമേലെയും പ്രണയത്തിന്‍റെ വര്‍ണ്ണങ്ങള്‍ അവയ്ക്കു കീഴെയും പൂത്തുലയുന്ന പ്രണയവിഹാരങ്ങള്‍ തലസ്ഥാനനഗരിയില്‍ സമൃദ്ധം. നാഗരികതയുടെ മഹാപ്രസ്ഥാനത്തിനിടയിലും ഗ്രാമീണതയുടെ പച്ചപ്പ് സൂക്ഷിക്കുന്ന നഗരത്തിന് ഇന്നും പ്രണയത്തിന്‍റെ ശാലീനത.

ആള്‍ത്തിരക്കുള്ള നടപ്പാതകളിലും ആളൊഴിഞ്ഞ ഇടവഴികളിലും സ്നേഹത്തിന്‍റെ മഹാകാശങ്ങള്‍ തിരയുന്ന പ്രണയികള്‍ സുലഭം. എങ്കിലും അവരുടെ വഴികള്‍ ഒരിക്കലെങ്കിലും കൂട്ടത്തിലൊരു പ്രണയവിഹാരത്തില്‍ എത്തിച്ചേരാതിരുന്നിട്ടുണ്ടാവില്ല.

മ്യൂസിയം പാര്‍ക്ക്

മ്യൂസിയം പാര്‍ക്ക് പല പ്രണയജോഡികള്‍ക്കും നോഹയുടെ പെട്ടകംപോലെയാണ്. ഏതു വലിയ ആള്‍ത്തിരക്കിലും മനുഷ്യ ജീവികളായി രണ്ടു പേര്‍ മാത്രം. ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമസ്ത സസ്യങ്ങളും വളപ്പില്‍ത്തന്നെയുള്ള മൃഗശാലയില്‍ സമസ്തപക്ഷി മൃഗാദികളും.

നഗരഹൃദയത്തില്‍ ഇത്രയും വിശാലവും ശാന്തവും സുഖദവുമായൊരു വിശ്രമസ്ഥാനം വേറെയില്ല.പ്രണയത്തിന്‍റെ നിത്യസാന്നിദ്ധ്യം കൊണ്ട്, ഇവിടുത്തെ പുല്‍പ്പരപ്പിന് എന്നും പച്ചപ്പാണ്. ഇവിടെ ഒരു ഋതുമാത്രം, അത് വസന്തം, പ്രണയവസന്തം.

നഗരം സമ്മാനിച്ച പ്രണയം സ്വന്തമാക്കിയവര്‍ക്ക് മ്യൂസിയത്തിലെ മരബഞ്ചുകളും കല്‍പ്പടവുകളും മണ്ഡപവുമൊക്കെ എന്നും ഗൃഹാതുരമായ ഓര്‍മ്മകളായിരിക്കും. ഇനിയുള്ള തലമുറകള്‍ക്കും മനസ്സുനിറഞ്ഞു പ്രണയിക്കാനുള്ള വിശാലഹൃദയവുമായി മ്യൂസിയം പാര്‍ക്ക് എന്നും ഒരുങ്ങിനില്‍ക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :